തമിഴ് നാട്ടിൽ ആളുകൾ കാലിൽ വീണ് 'അമ്മ ആശിർവാദം പണ്ണ് അമ്മ' എന്ന് പറയും; ഈ തലയും വെച്ച് കുറച്ച് പടം കിട്ടി: ശ്രീജ രവി
Malayalam Cinema
തമിഴ് നാട്ടിൽ ആളുകൾ കാലിൽ വീണ് 'അമ്മ ആശിർവാദം പണ്ണ് അമ്മ' എന്ന് പറയും; ഈ തലയും വെച്ച് കുറച്ച് പടം കിട്ടി: ശ്രീജ രവി
നന്ദന എം.സി
Tuesday, 5th May 2026, 1:18 pm

അൻപത് വർഷത്തിലേറെയായി സിനിമാ ഡബ്ബിങ് മേഖലയിൽ സജീവമായി നിലനിൽക്കുന്ന ആർട്ടിസ്റ്റാണ് ശ്രീജ രവി. ഡബ്ബിങിനൊപ്പം അഭിനയത്തിലും ഇപ്പോൾ ശക്തമായ സാന്നിധ്യമാണ് താരം. സൈജു കുറുപ്പ് നായകനായെത്തിയ മോഹിനിയാട്ടം എന്ന ചിത്രത്തിൽ മികച്ച പ്രകടനവും ശ്രീജ കാഴ്ചവെച്ചിരുന്നു.

ഇപ്പോൾ തന്റെ പുതിയ ലുക്കിനെ കുറിച്ചാണ് ശ്രീജ രവി സംസാരിക്കുന്നത്. തലമുടിയിലെ മാറ്റം കാരണം പല തരത്തിലുള്ള അഭിപ്രായങ്ങൾ ലഭിക്കാറുണ്ടെന്നും, തമിഴ് നാട്ടിൽ ആളുകൾക്ക് തന്നോട് വളരെ ബഹുമാനമാണെന്നും താരം പറയുന്നു.

ശ്രീജ രവി, Photo: IMDb

ചിലർ കാലിൽ വീണ് അനുഗ്രഹം നൽകാൻ ആവശ്യപ്പെടാറുണ്ടെന്നും, ആ സമയത്ത് തനിക്ക് പ്രത്യേകമായൊരു അനുഭവമാണെന്നും ശ്രീജ വ്യക്തമാക്കി

‘എന്റെ മുടി ഇപ്പോൾ ഇങ്ങനെയായതുകൊണ്ട് തമിഴ് നാട്ടിൽ ഭയങ്കര ബഹുമാനമാണ്. ‘അമ്മ അനുഗ്രഹിക്കമ്മാ’ എന്നൊക്കെ പറയും. കാലിൽ വീണ് ‘അമ്മ ആശിർവാദം പണ്ണ്’ എന്ന് പറയും. ആ സമയം എനിക്ക് ഒരു പ്രത്യേക ഫീലുണ്ട്.

ഈ അടുത്ത് ഞാൻ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വരുമ്പോൾ ചിത്രയുണ്ട്, പിന്നെ സുരേഷേട്ടനും അദ്ദേഹത്തിന്റെ എക്‌സ്‌കോർട്ടും ഉണ്ടായിരുന്നു. ചിത്രയ്ക്ക് എന്നെ കണ്ടപ്പോൾ ആദ്യം മനസിലായില്ല. കുറച്ച് നേരം നോക്കിയിട്ട് ഞാൻ ചിരിച്ചപ്പോൾ ‘എന്താ ഈ കാണിച്ച് വെച്ചിരിക്കുന്നത്, പ്ലീസ് മാറ്റി ഡൈ ചെയ്യ്’ എന്ന് പറഞ്ഞു. ‘ഞാനൊക്കെ ഡൈ ചെയ്യുന്നില്ലേ, നീയും ചെയ്യണം’ എന്നൊക്കെയായിരുന്നു അഭിപ്രായം.

ശ്രീജ രവി, Photo: YouTube/ Screengrab

അതിനുശേഷം സുരേഷേട്ടൻ വന്നിട്ട് ‘ഇത് കൊള്ളാല്ലോ, ഇതുപോലെ തന്നെ നിന്നാൽ മതി’ എന്ന് പറഞ്ഞു. അപ്പോൾ ഇത് വേണോ അതോ ചിത്ര പറഞ്ഞത് വേണോ എന്നൊരു ചിന്തയായി. പക്ഷെ ഇപ്പോൾ എനിക്ക് ഈ ലുക്ക് കംഫർട്ടബിൾ ആണ്.

സത്യം പറഞ്ഞാൽ ഇത് കരുതിക്കൂട്ടി ചെയ്തതൊന്നുമല്ല. കുറച്ച് മാസങ്ങൾ എവിടെയും പോകാതെ വീട്ടിൽ ഇരിക്കുമ്പോൾ ഡൈ അടിക്കാറില്ലായിരുന്നു. അപ്പോഴാണ് ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. അവർക്കും ഈ ലുക്ക് തന്നെ മതി എന്ന് പറഞ്ഞു.

പിന്നെ കുറച്ച് ദിവസങ്ങൾക്ക് ശേഷം സൂര്യയുടെ വിശ്വനാഥൻ ആൻഡ് സൺസ് എന്ന ചിത്രത്തിലേക്കും വിളിച്ചു. അവരും ‘ഡൈ അടിക്കരുത്, ഈ തല തന്നെ മതി’ എന്നാണ് പറഞ്ഞത്. അങ്ങനെ ഈ ലുക്കിലൂടെ തന്നെ എനിക്ക് കുറച്ച് സിനിമകൾ കിട്ടുന്നുണ്ട്,’ ശ്രീജ രവി പറഞ്ഞു.

Content Highlight: Sreeja Ravi is saying that in Tamil Nadu, people fall at their feet and say, “Amma, bless me, Pannu Amma.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.