ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഈ സീരീസിന്റെ രണ്ടാം സീസണും പ്രഖ്യാപിച്ചിരുന്നു.

സീരീസിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഈ വര്‍ഷം നെറ്റ്ഫ്‌ളിക്‌സ് അവരുടെ പ്ലാറ്റ്ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോകളുടെയും സിനിമകളുടെയും വിവരങ്ങള്‍ യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവിടുകയായിരുന്നു.

അതില്‍ ഏറ്റവും അവസാനം സ്‌ക്വിഡ് ഗെയിമിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആയിരുന്നു. സീരീസില്‍ സിയോങ് ഗി-ഹൂന്റെ കഥാപാത്രം ചെയ്ത ലീ ജങ്-ജെ ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവരുന്നതും ഫോണില്‍ സംസാരിക്കുന്നതുമാണ് കാണിക്കുന്നത്.

‘നിങ്ങള്‍ നിങ്ങളുടെ തീരുമാനത്തില്‍ ഖേദിക്കും’ എന്ന് ഫോണിന്റെ മറുവശത്ത് നിന്ന് കേള്‍ക്കാം. മറുപടിയായി സിയോങ് ഗി-ഹൂന്‍ ദേഷ്യത്തോടെ ‘എന്തുതന്നെയായാലും, ഞാന്‍ നിന്നെ കണ്ടെത്തും’ എന്നും പറയുന്നു.

വീഡിയോക്ക് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് അവരുടെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോയും നാല് ചിത്രങ്ങളും പങ്കുവെച്ചു.