[]മുംബൈ: ബി.സി.സി.ഐ സെക്രട്ടറിയും, ട്രഷററും തല്‍സ്ഥാനത്ത് നിന്ന്  രാജിവെച്ചു. സെക്രട്ടറി സഞ്ജയ് ജഗ്ദല, ട്രഷറര്‍ അജയ് ഷിര്‍കെ എന്നിവരാണ് രാജിവെച്ചത്.

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍ ശ്രീനിവാസന്‍ രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരും രാജിവെച്ചത്. വാതുവെപ്പ് അന്വേഷണ സിമിതിയില്‍ നിന്നും രാജി വെച്ചതായി ബി.സി.സി.ഐ സെക്രട്ടറി ജദ്ഗലെ അറിയിച്ചു.[]

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ ശ്രീനിവാസന് മേല്‍ നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നു.

എന്നാല്‍ രാജി വെക്കില്ല എന്ന കര്‍ശന നിലപാട്‌ ശ്രീനിവാസന്‍ സ്വീകരിച്ചതോടെയാണ് അദ്ദേഹത്തോടൊപ്പം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കാണിച്ച് ബി.സി.സി.ഐ സെക്രട്ടറിയും, ട്രഷററും രാജിവെച്ചത്. ഇതേസമയം വാതുവെപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി.സി.സി.ഐ യോഗം ജൂണ്‍ എട്ടിന് നടക്കും

മെയ് 24 നാണ് വാതുവെപ്പ് കേസില്‍ ആരോപിതനായ മെയ്യപ്പനെ മുബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.എല്ലില്‍ വാതുവെപ്പ്, സ്‌പോട്ട് ഫിക്‌സിംഗ് എന്നിവയ്ക്ക് കൂട്ടു നില്‍ക്കുകയും, വിവരങ്ങള്‍ കൈമാറുകയും, വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് മെയ്യപ്പനെ പോലീസ്  അറസ്റ്റ് ചെയ്തത്.

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ വിന്ദു ധാരാ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മെയ്യപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് അന്വേഷണത്തില്‍ വിന്ദു സിംഗ് മെയ്യപ്പനുമായി  നിരന്തരമായി ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമായിരുന്നു. മെയ്യപ്പന്റെയും വിന്ദു സിംഗിന്റേയും ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് വ്യക്തമായിരുന്നു.

ഇതേസമയം ഐ.പി.എല്‍ വാതുവെപ്പിനെക്കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബി.സി.സി.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നതിന് തെളിവുകള്‍ ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെയ്യപ്പന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം തെളിഞ്ഞത്.

തനിക്ക് വാതുവെയ്പ്പുകാരുമായി ബന്ധമുണ്ടെന്ന് ഐ.സി.സി ബി.സി.സി.ഐയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായുള്ള മെയ്യപ്പന്റെ സംഭാഷണമാണ് പുറത്തുവന്നത്.

വിന്ദു ധാരാസിംഗിനോടാണ് മെയ്യപ്പന്‍ ഇക്കാര്യം പറയുന്നത്. ഇതിനെക്കുറിച്ച് തന്നെ അറിയിച്ചത് ബി.സി.സി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും സംഭാഷണത്തില്‍ മെയ്യപ്പന്‍ പറയുന്നുണ്ട്. വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് വിന്ദു ധാരാ സിംഗിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബി.സി.സി.ഐ സെക്രട്ടറിയും, ട്രഷററും രാജിവെച്ചതിനാല്‍ അധ്യക്ഷ സ്ഥാനത്ത് അധിക നാള്‍ തുടരാന്‍ ശ്രീനിവാസന്‍ സാധിക്കില്ലെന്ന് ക്രിക്കറ്റ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.