ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കറായി എത്തുന്ന മാർവൽ ചിത്രം സ്പൈഡർ -മാൻ : ബ്രാൻഡ് ന്യൂ ഡേ -യുടെ പുതിയ ട്രെയിലർ പുറത്തുവന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ലോകമെമ്പാടുമുള്ള മാർവൽ ആരാധകർ ആവേശത്തിലാണ്.
2021-ൽ പുറത്തിറങ്ങിയ സ്പൈഡർ -മാൻ : നോ വേ ഹോം -ന്റെ സംഭവങ്ങൾക്ക് നാല് വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രത്തിന്റെ കഥ നടക്കുന്നത്. ലോകം മുഴുവൻ പീറ്റർ പാർക്കറെ മറന്നുപോയ സാഹചര്യത്തിൽ, ന്യൂയോർക്ക് നഗരത്തെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന സ്പൈഡർ-മാനെയാണ് ചിത്രത്തിൽ കാണിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ ശക്തികളിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുന്നത് പുതിയ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.
പുതിയ ട്രെയിലറിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന് സ്പൈഡർ-മാനും പണിഷറും ഒന്നിക്കുന്ന രംഗങ്ങളാണ്. കൂടാതെ ഹൾക്കിന്റെ സാന്നിധ്യവും ട്രെയിലർ സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ മുൻ ചിത്രങ്ങളെക്കാൾ വലിയ സ്കെയിലിൽ ആയിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ടോം ഹോളണ്ടിനൊപ്പം സെൻഡയ, സേഡി സിങ്ക്, ജോൺ ബെർന്തൽ, മാർക്ക് റഫലോ, ജേക്കബ് ബറ്റലോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ട്രെയ്ഞ്ചർ തിങ്ങ്സ് ’ താരമായ സേഡി സിങ്കിന്റെ മാർവൽ അരങ്ങേറ്റവും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. ടോം ഹോളണ്ട് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ടെസ്റ്റിന് ഡാനിയേൽ ക്രെറ്റൺ ആണ്.
‘നോ വേ ഹോം’ അവസാനിച്ചിടത്ത് നിന്ന് ഒരു പുതിയ തുടക്കമാണ് ‘ബ്രാൻഡ് ന്യൂ ഡേ’. പീറ്റർ പാർക്കറുടെ ജീവിതത്തിലെ പുതിയ അധ്യായം അവതരിപ്പിക്കുന്ന ഈ ചിത്രം മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത വലിയ ഹിറ്റാകുമെന്നാണ് വിലയിരുത്തൽ. ചിത്രം 2026 ജൂലൈ 31നാണ് തീയേറ്ററുകളിൽ എത്തുന്നത്. തിയേറ്ററുകളിലെത്താൻ ഇനിയും ആഴ്ചകൾ ബാക്കിയിരിക്കെ തന്നെ ‘സ്പൈഡർ -മാൻ: ബ്രാൻഡ് ന്യൂ ഡേ ’യുടെ അഡ്വാൻസ് ബുക്കിങ് ആരംഭിക്കാനൊരുങ്ങുകയാണ് സോണി പിക്ചേഴ്സ് ഇന്ത്യ. സ്പൈഡർ-മാൻ ചിത്രങ്ങളുടെ ചരിത്രത്തിൽ ഇത്രയും നേരത്തെ അഡ്വാൻസ് ബുക്കിങ് ആരംഭിക്കുന്നത് ഇതാദ്യമായാണ്.