ഒട്ടും പ്രതീക്ഷിക്കാത്ത മാര്‍വല്‍- ഡി.സി ക്ലാഷ്... ഇത്തവണ സൂപ്പര്‍മാനും ബാറ്റ്മാനുമൊന്നുമല്ല, ക്ലാഷിനെത്തുന്നത് ലോകിയുടെ 'ഡി.സി'
Indian Cinema
ഒട്ടും പ്രതീക്ഷിക്കാത്ത മാര്‍വല്‍- ഡി.സി ക്ലാഷ്... ഇത്തവണ സൂപ്പര്‍മാനും ബാറ്റ്മാനുമൊന്നുമല്ല, ക്ലാഷിനെത്തുന്നത് ലോകിയുടെ 'ഡി.സി'
അമര്‍നാഥ് എം.
Thursday, 2nd July 2026, 8:45 am

ഒരുപിടി മികച്ച സിനിമകളാണ് ജൂലൈ മാസത്തില്‍ സിനിമാപ്രേമികളെ കാത്തിരിക്കുന്നത്. ഹോളിവുഡ് ബ്രഹ്‌മാണ്ഡമായ ഒഡീസിയടക്കം പല വമ്പന്‍ സിനിമകളും ഈ മാസം തിയേറ്ററുകളിലെത്തും. സമ്മര്‍ സീസണ്‍ ആഘോഷമാക്കാനാണ് ഹോളിവുഡ് ഒരുങ്ങുന്നത്. മാര്‍വലിന്റെ ബിഗ്ഗി സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയും ജൂലൈയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

ലോകത്ത് ഒരുപാട് ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് മാര്‍വല്‍. ഓരോ സിനിമയും മാര്‍വല്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ മാര്‍വലിന്റെ സ്‌പൈഡര്‍മാനൊപ്പം ക്ലാഷിനെത്തുന്ന ഡി.സിയാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. എന്നാല്‍ ഇത് ലോകമെമ്പാടും ആരാധകരുള്ള ഡിറ്റക്ടീവ് കോമിക്‌സല്ല ഇത് എന്നതും എടുത്ത് പറയേണ്ടതാണ്.

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ Photo: Screen grab/ Marvel Entertainments

തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യമായി നായകനാകുന്ന ഡി.സിയാണ് സ്‌പൈഡര്‍ മാനൊപ്പം ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. ജൂലൈ 30ന് സ്‌പൈഡര്‍മാനും 31ന് ഡി.സിയും തിയേറ്ററുകളിലെത്തും. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിധം തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ അരുണ്‍ മാധേശ്വരനാണ് ഡി.സിയുടെ സംവിധായകന്‍. വിഖ്യാത നോവലായ ദേവദാസിലെ പ്രധാന കഥാപാത്രങ്ങളുടെ പേരാണ് ഡി.സിയിലെ നായകനും നായികക്കും.

ദേവദാസിന്റെയും ചന്ദ്രയുടെയും കഥ വയലന്‍സിന്റെയും ആക്ഷന്റെയും പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണ് ഡി.സി. അനിരുദ്ധിന്റെ സംഗീതത്തില്‍ പുറത്തുവന്ന ട്രെയ്‌ലര്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ഡി.സിയുടെ വേള്‍ഡ് പ്രീമിയര്‍. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് മേലുള്ള പ്രതീക്ഷകളും വലുതാണ്.

ഡി.സി Photo: Theatrical Poster

വിക്രമിന്റെ വന്‍ വിജയത്തിന് ശേഷം തുടരെ തുടരെ നിരാശപ്പെടുത്തിയ സംവിധായകനാണ് ലോകേഷ് കനകരാജ്. റിലീസിന് മുമ്പ് നല്‍കിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ കഴിയാത്തതാണ് ലോകേഷിന് ഇത്രയും ട്രോളുകള്‍ ലഭിക്കാന്‍ കാരണം. തമിഴ് പേജുകളില്‍ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് ലോകേഷ് നേരിടുന്നത്. ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലോകേഷിന് ഡി.സി വിജയിക്കേണ്ടത് അത്യാവശ്യമാണ്.

ബോളിവുഡ് താരം വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ മാതേശ്വരന്റെ സ്റ്റൈലില്‍ ആദ്യാവസാനം വയലന്‍സ് നിറഞ്ഞ ചിത്രമാണ് ഡി.സി. അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപേജുകള്‍ക്കിടയില്‍ ചര്‍ച്ചയായ ഡി.സിക്ക് സ്‌പൈഡര്‍ മാന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Spiderman Brand New Day and DC movie clash discussing in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം