ജിഷയെ കൊലപ്പെടുത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്‌ലാം ആണെന്ന് അമീര്‍ കോടതിയില്‍ പറഞ്ഞ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് പ്രതി അമീറുള്‍ ഇസ്‌ലാം തന്നെയാണെന്ന് അന്വേഷണ സംഘാംഗം എസ്.പി. പി.എന്‍ ഉണ്ണിരാജന്‍. ജിഷയെ കൊലപ്പെടുത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്‌ലാം ആണെന്ന് അമീര്‍ കോടതിയില്‍ പറഞ്ഞ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേസിന്റെ അന്വേഷണത്തില്‍ നിന്ന് കിട്ടിയ ഡി.എന്‍.എ തെളിവുകളും സാക്ഷി മൊഴി തെളിവുകളും പ്രതി അമീറാണെന്ന കാര്യം ഉറപ്പിക്കുന്നുണ്ടെന്ന് എസ്.പി പറഞ്ഞതായി മാതൃഭൂമിന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമീറിന്റെ ചെരുപ്പില്‍ നിന്ന് കിട്ടിയ ജിഷയുടെ ഡി.എന്‍.എയും കുത്താന്‍ ഉപയോഗിച്ച കത്തിയില്‍ നിന്ന് കിട്ടിയ തെളിവുകളുമെല്ലാം ഇവ സംശയ ലേശമെന്യേ തെളിയിക്കുന്നതാണ്. അമീര്‍ ആരോപിക്കുന്നത് പോലെ അനാര്‍ ഈ സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.
എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സിയായ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ലെന്നും എസ്.പി ഉണ്ണിരാജന്‍ കൂട്ടിച്ചേര്‍ത്തു. പ്രതി കുറ്റം നിഷേധിക്കുന്നത് സ്വഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ പ്രതികളും കുറ്റം നിഷേധിക്കാറാണ് പതിവ്. കേസില്‍ പോലീസിന് യാതൊരു തിരിച്ചടിയും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അസമില്‍ പോയി അനാറിന്റെ മൊഴി എടുത്തിരുന്നോ എന്ന കാര്യം എസ്.പി വെളിപ്പെടുത്തിയില്ല.
