2026 ടി-20 ലോകകപ്പ് ഫൈനല്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലും ന്യൂസിലാന്‍ഡിന് പരാജയം. ബെയ് ഓവലില്‍ നടന്ന മത്സരത്തില്‍ കിവീസിനെതിരെ ഏഴ് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 14.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ബ്ലാക്ക് ക്യാപ്‌സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ കോണര്‍ ഹെസ്റ്റര്‍ഹ്യൂസനാണ്. 48 പന്തില്‍ നിന്ന് 45 റണ്‍സാണ് താരം നേടിയത്. പുറത്താകാതെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അഞ്ചാമനായി ഇറങ്ങിയ ഡിയാന്‍ ഫോറസ്റ്റര്‍ 25 റണ്‍സ് നേടിയിരുന്നു.
അതേസമയം ന്യൂസിലാന്‍ഡിന് വേണ്ടി കൈയില്‍ ജാമിസണ്‍, സാക്കറി ഫോള്‍ക്‌സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
കിവീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് 26 റണ്‍സ് നേടിയ ജെയിംസ് നീഷം ആണ്. 21 പന്തില്‍ 26 റണ്‍സ് നേടിയാണ് താരം ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചത്.
South Africa take a 1-0 series lead in Tauranga. We move to Game 2 in Hamilton on Tuesday.
പ്രോട്ടിയാസിനുവേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ എന്‍കോബാനി മൊകോയേനയാണ്. കേശവ് മഹാരാജ്, ഒട്ടീനിയല്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോഡ്‌സി എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
അതേസമയം പരമ്പരയിലെ രണ്ടാമത്തെ മത്സരം മാര്‍ച്ച് 17ന് സീസണ്‍ പാര്‍ക്കില്‍ നടക്കും. മത്സരത്തില്‍ വിജയിച്ചു ഒപ്പത്തിനൊപ്പം എത്താനാണ് ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 0-1 എന്ന നിലയില്‍ പ്രോട്ടിയാസിനാണ് ലീഡ്.
Content Highlight: South Africa Defeat New Zealand In First Match In 5 T20 Match Series