[]ന്യൂദല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് ഭരണകൂടം തടവിലാക്കിയ ആദിവാസി അധ്യാപിക സോണി സോറിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

സുപ്രീം കോടതി ജാമ്യം നല്‍കിയതോടെ സോണി സോറിക്ക് ഛത്തീസ്ഖഢില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കി.

വിചാരണ നടക്കുന്ന രായ്പൂരിലെ കോടതിയില്‍ സോണി ദിവസവും ഹാജരാകണം. 50000 രൂപയുടെ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

നക്‌സലുകള്‍ക്ക് വഴിവിട്ട സഹായം ചെയ്തുകൊടുത്തുവെന്ന് ആരോപിച്ച് രമണ്‍സിങ് സര്‍ക്കാരാണ് സോണി സോറിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സോണി സോറിയുടെ ജാമ്യാപേക്ഷ 2013 ജുലൈ എട്ടിന് ഛത്തീസ്ഗഡ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് സോണി സോറി സുപ്രീം കോടതിയെ സമീപിച്ചു.

തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ അവസാനം സുപ്രീംകോടതി സോണിക്ക് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.

2011 ഒക്ടോബര്‍ 4നാണ് സോണി സോറിയെ ന്യൂദല്‍ഹിയില്‍ വെച്ച് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

നക്‌സലുകള്‍ക്കായി എസ്സാര്‍ ഗ്രൂപ്പില്‍ നിന്നും പണം വാങ്ങി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. അനന്തരവനും പത്രപ്രവര്‍ത്തകനുമായ ലിംഗാരാം കൊടോപ്പിയോടൊപ്പമാണ് സോണി അറസ്റ്റ് ചെയ്യപ്പെടുന്നത്.

കൊടോപ്പിയും ബി.കെ ലാല എന്ന കോണ്‍ട്രാക്റ്ററും തമ്മില്‍ ദന്തേവാഢയിലെ പല്‍നാര്‍ ഗ്രാമത്തിലെ ആഴ്ചച്ചന്തയില്‍ വച്ച് സഹാറ സ്റ്റീല്‍ ലിമിറ്റഡ് നല്‍കിയ 15ലക്ഷം രൂപ കൈമാറിയെന്നാണ് പോലീസ് ആരോപിക്കുന്നത്.

2011 ഒക്ടോബര്‍ 9നായിരുന്നു സംഭവം. സംഭവസ്ഥലത്ത് സോറിയും ഉണ്ടായിരുന്നെന്നും എന്നാല്‍ രക്ഷപ്പെടുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 2011 ഒക്ടോബര്‍ മുതല്‍ സോണി റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.

വിചാരണ കൂടാതെയായിരുന്നു സോണി സോറിയെ തടവില്‍ പാര്‍പ്പിച്ചത്. അതിനിടെ പോലീസ് കസ്റ്റഡിയില്‍ വെച്ച് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി സോണി സോറി വ്യക്തമാക്കിയിരുന്നു.

സോണി സോറി, ഭരണകൂടം നിങ്ങളെ ബലാല്‍ സംഗം ചെയ്തു