പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പുറത്ത് വിടണം; ആശുപത്രി അധികൃതര്‍ക്ക് കത്തു നല്‍കി വാങ്ചുക്ക്
India
പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പുറത്ത് വിടണം; ആശുപത്രി അധികൃതര്‍ക്ക് കത്തു നല്‍കി വാങ്ചുക്ക്
റെന്വര്‍ പി
Monday, 20th July 2026, 3:17 pm

ന്യൂദല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തന്നെ താത്കാലികമായെങ്കിലും ആശുപത്രിയില്‍ നിന്ന് പുറത്ത് വിടണമെന്ന് സോനം വാങ്ചുക്ക്. ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ കത്തിലാണ് വാങ്ചുക്ക് ഈ കാര്യം ആവശ്യപ്പെട്ടത്.

നിലവില്‍ ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് വാങ്ചുക്ക്. ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ കത്ത് വാങ്ചുക്കിന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാനുള്ള ശാരീരിക ശേഷി തനിക്ക് ഇപ്പോഴുണ്ടെന്ന് കത്തില്‍ വാങ്ചുക്ക് വ്യക്തമാക്കി.

തനിക്ക് ഇന്ന് വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ലെന്ന് വാങ്ചുക്കിന്റെ കത്തില്‍ പറയുന്നു. ആരോഗ്യ നില സാധാരണ നിലയിലാണ്. അതിനാല്‍ തത്കാലത്തേക്കായാലും തന്നെ ആശുപത്രി വിടാന്‍ സമ്മതിക്കണം. അങ്ങനെ ചെയ്താല്‍ തനിക്ക് പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് വാങ്ചുക്കിന്റെ കത്തില്‍ പറയുന്നു.

തന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും വാങ്ചുക്ക് മുന്നോട്ട് വെച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുണമെന്നത് അടക്കമുള്ള വ്യവസ്ഥകളാണ് വാങ്ചുക്ക് മുന്നോട്ട് വെക്കുന്നത്.

തന്റെ വ്യവസ്ഥകള്‍ വ്യക്തമാക്കുന്ന, വാങ്ചുക്കിന്റ കൈപ്പടയിലുള്ള ഒരു കുറിപ്പും ഇന്ന് (ജൂലൈ 20, തിങ്കള്‍) അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ കത്തും ഈ സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചത്.

‘നിങ്ങളില്‍ പലരും ചോദിച്ചിരുന്നു എന്നാണ് എന്റെ നിരാഹാര സമരം അവസാനിപ്പിക്കുക എന്ന്. നേരത്തെ ഞാന്‍ സൂചിപ്പിച്ചത് പോലെ ജൂലൈ 20ന് സമരം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്… പക്ഷേ’ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. തുടര്‍ന്ന് തന്റെ വ്യവസ്ഥകളും കുറിപ്പില്‍ വാങ്ചുക്ക് വ്യക്തമാക്കുന്നു.

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം ഏറ്റെടുത്താല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാം എന്നതാണ് വാങ്ചുക്ക് ആദ്യ വ്യവസ്ഥയായി പറയുന്നത്.

അല്ലെങ്കില്‍ താനും സി.ജെ.പി നേതാക്കളും പാര്‍ലമെന്റിന്റെ പടിക്കലെത്തിയാല്‍ വിവിധ പാര്‍ട്ടികളുടെ എം.പിമാര്‍ ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാം എന്ന് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയാല്‍ നിരാഹാരം അവസാനിക്കാമെന്നും കത്തില്‍ പറയുന്നു.

തന്റെ ആരോഗ്യസ്ഥിതി കാരണമോ മറ്റെന്തെങ്കിലും കാരണത്താലോ പാര്‍ലമെന്റിലേക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ വിവിധ പാര്‍ട്ടികളുടെ എം.പിമാരും നേതാക്കളും ആശുപത്രിയിലെത്തി ഈ വിഷയത്തില്‍ ഉറപ്പു നല്‍കിയാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നും വാങ്ചുക്ക് പറയുന്നു.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം തുടരുകയായിരുന്ന വാങ്ചുക്കിനെ ശനിയാഴ്ചയാണ് ജന്തര്‍ മന്ദറിലെ സമര വേദിയില്‍നിന്ന് സിവില്‍ വേഷത്തിലെത്തിയ ദല്‍ഹി പൊലീസ് സംഘം ബലം പ്രയോഗിച്ച് നീക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ സഫ്ദജര്‍ ജംഗ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജൂണ്‍ 28നാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് ഉച്ചയോടെ ജന്തര്‍ മന്ദറില്‍ നിന്ന് ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ചിനെത്തിയ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ ദല്‍ഹി പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ കടുത്ത സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, സി.ജെ.പി പ്രതിഷേധത്തിന് മുമ്പില്‍ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സി.ജെ.പി നേതാക്കളുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ചര്‍ച്ച നടത്താന്‍ തയ്യാറായി.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ സി.ജെ.പി ആഹ്വാനം ചെയ്ത ‘ചലോ സന്‍സദ്’ മാര്‍ച്ചിന് ലഭിച്ച വന്‍ ജനപങ്കാളിത്തമാണ് കേന്ദ്രത്തെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്.

Content Highlight: Sonam Wangchuks’  Letter to hospital to discharge him to participate in CJP Parliament March

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.