അടൂര്‍: കൈക്കൂലി നല്‍കാത്തതിനാല്‍ വീട്ടു നമ്പര്‍ ലഭിക്കുന്നില്ലെന്ന് കാട്ടി സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിച്ച സൈനികനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ഉദ്യോഗസ്ഥനും കൊല്ലം പുനലൂര്‍ സ്വദേശിയുമായ എം.ഹരികൃഷ്ണനെയാണ് കള്ളക്കേസില്‍ കുടുക്കാനായി ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നത്

നഗരസഭാ ഉദ്യോഗസ്ഥയെ ജാതിപ്പേര് വിളിച്ചെന്നും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയെന്നുമാണ് ഹരികൃഷ്ണനെതിരായ ആരോപണം. ഇതിനെത്തുടര്‍ന്ന് കേസ് എടുക്കുമെന്നും ജോലി കളയുമെന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം ഭീഷണിപ്പെടുത്തിയതായും ഹരികൃഷ്ണന്‍ പറയുന്നു.

ഹരികൃഷ്ണന്‍റെ വീട്

എന്നാല്‍ ഇതെല്ലാം പരാതിക്കാരിയായ ബിന്ദു എസ് കരുണാകരന്‍ കൈക്കൂലി ചോദിച്ചതിനെതിരെ പരാതിപ്പെട്ടതിനാലും ബിന്ദുവിനെതിരെ നടപടിയെടുത്തതിനാലുമാണെന്നാണ് ഹരികൃഷ്ണന്‍ പറയുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് നിര്‍മ്മിച്ച തന്റെ വീടിന്റെ നമ്പര്‍ ലഭിക്കാന്‍ പരിശോധന നടത്തിയ നഗരസഭ ഉദ്യോഗസ്ഥയായ ബിന്ദു എസ്.കരുണാകരന്‍ നിര്‍മാണത്തിലെ അപാകത ആരോപിച്ച് വീട്ടു നമ്പര്‍ നല്‍കിയില്ലെന്നും വീട്ട് നമ്പര്‍ ലഭിക്കാന്‍ 30000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ഹരികൃഷ്ണന്‍ പറഞ്ഞിരുന്നു. റോഡിലേക്ക് വീടിന്റെ പോര്‍ച്ച് വരുന്നെന്നാരോപിച്ചായിരുന്നു ഇതെന്നും ഹരികൃഷ്ണന്‍ പറയുന്നു.

എന്നാല്‍ ഇത് ഒരു പ്രെെവറ്റ് റോഡ് ആണെന്നും സ്ഥലമുടമയ്ക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലായിരുന്നെന്നും
താന്‍ ഒരു സെെനികനാണെന്നും എന്ത് തന്നെ വന്നാലും കെെക്കൂലി കൊടുത്ത് താന്‍ കാര്യം സാധിക്കില്ലെന്ന് ഉറപ്പിച്ചതാണെന്നും  ഹരികൃഷ്ണന്‍ പറഞ്ഞിരുന്നു.

Also Read  ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നിഷേധിച്ചു; ലോഡ്ജുടമയെ അറസ്റ്റ് ചെയ്തു

കൈക്കൂലി കൊടുക്കാത്തതിനാല്‍ 2വര്‍ഷം വീട്ട് നമ്പര്‍ കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് സൈനീകന്‍ ബിന്ദു എസ്.കരുണാകരനെതിരെ മന്ത്രി കെ.ടി ജലീലിനു പരാതി നല്കി.തുടര്‍ന്ന് മന്ത്രി ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുകയും വീടിനു നമ്പര്‍ കൊടുക്കുകയും ചെയ്തു. ഹരികൃഷ്ണന്‍ പറയുന്നു.

എന്നാല്‍ ഈ സംഭവത്തെത്തുടര്‍ന്ന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായി ഇപ്പോള്‍ കള്ളക്കേസുമായി ഇവര്‍ രംഗത്തെത്തിയിരിക്കുകയാണെന്നാണ് ഹരികൃഷ്ണന്‍ പറയുന്നത്. സ്ഥലം മാറ്റപ്പെട്ടതിന്റെ വിരോധം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ ആദ്യം സൈനിക അധികാരികള്‍ക്കു പരാതി അയച്ചെന്നും അതു ഫലിക്കാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ഹരികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

താന്‍ ലീവ് കഴിഞ്ഞ് പോകുന്ന സമയത്ത് തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചെന്നും ഉടനെ ഹാജരാവാനാണ് പറയുന്നതെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ താന്‍ സൈന്യത്തിലായതിനാല്‍ പെട്ടന്ന് വരാന്‍ കഴിയില്ലെന്നും പൊലീസ് ഒരു മെയില്‍ തന്റെ മേല്‍ ഉദ്യോഗസ്ഥന് അയച്ചാല്‍ വരാന്‍ കഴിയുമെന്നും പറഞ്ഞതായും എന്നാല്‍ ഒരു മെയിലും പൊലീസ് അയച്ചില്ലെന്നും ഹരികൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പരാതിക്കാരിയായ നഗരസഭ ഉദ്യോഗസ്ഥ മുമ്പ് വിജിലന്‍സ് കേസില്‍ പിഴ ഒടുക്കിയിട്ടുണ്ട്. ഇത് വിവരാവകാശ നിയമപ്രകാരം എടുത്തിട്ടുണ്ട്. ഈ കേസുകൂടിയായാല്‍ ജോലിയെ ബാധിക്കുമെന്നതിനാലാണ് തനിക്കെതിരെ കള്ളക്കേസ് കൊടുക്കുന്നതെന്ന് ഹരികൃഷ്ണന്‍ പറയുന്നു. കൈക്കൂലി ചോദിച്ചതിനെതിരെ താന്‍ നല്‍കിയ പരാതി പിന്‍ വലിക്കാനാണ് ഈ കളികളെന്നും ഇതിനായി തന്റെ ജോലിയടക്കം കളയുമെന്നാണ് ഭീഷണിയെന്നും ഹരികൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേസമയം വിവരങ്ങള്‍ ആരായാന്‍ വിളിച്ച ഹരികൃഷ്ണന്റെ അമ്മയോട് മകനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ എങ്ങിനെയാണ് പറയുകയെന്നും തെളിവുണ്ടോയെന്നും മകന്റെ സേനാ ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും അടൂര്‍ പൊലീസ് പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് ഹരികൃഷ്ണന്റെ അമ്മ അനിത കുമാരി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചു. ഉറക്കഗുളിക അമിതമായി കഴിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് അടൂര്‍ പൊലീസിനോട് വിവരങ്ങള്‍ തിരക്കിയിരുന്നെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.