സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ് സി.ഐ.ഡി മൂസ. ദിലീപിനെ നായകനാക്കി ജോണി ആന്റണി അണിയിച്ചൊരുക്കിയ ചിത്രം 90s കിഡ്‌സിന്റെ ഫേവറെറ്റാണ്. ആദ്യ സിനിമയിലൂടെ തന്റെ റേഞ്ച് വ്യക്തമാക്കാന്‍ ജോണി ആന്റണിക്ക് സാധിച്ചിരുന്നു. മലയാളത്തിലെ സകല ഹാസ്യതാരങ്ങളും അണിനിരന്ന സി.ഐ.ഡി മൂസ ലോജിക് ആവശ്യമില്ലാത്ത സിനിമകളില്‍ മുന്‍പന്തിയിലാണ്.
മൂസക്ക് രണ്ടാം ഭാഗമുണ്ടായേക്കുമെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രൊജക്ട് ഉപേക്ഷിച്ചെന്നും രണ്ടാം ഭാഗത്തിന് സാധ്യതയില്ലന്നും റൂമറുകള്‍ വന്നു. കഴിഞ്ഞദിവസം സംവിധായകന്‍ ജോണി ആന്റണി ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. കറുകച്ചാലില്‍ മാജിക് ഫ്രെയിംസിന്റെ പുതിയ തിയേറ്റര്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാറായെന്നും 2027ഓടെ സി.ഐ.ഡി മൂസ 2 തിയേറ്ററുകളിലെത്തിയേക്കുമെന്നുമാണ് അറിയിച്ചത്. എന്നാല് ജോണി ആന്റണിയുടെ അറിയിപ്പിന് പിന്നാലെ ആരാധകരല്ലാത്തവരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഈ വാര്‍ത്തക്ക് ലഭിക്കുന്നത്. സി.ഐ.ഡി മൂസ കള്‍ട്ട് ചിത്രമാണെന്നും അതിന് രണ്ടാം ഭാഗം ആവശ്യമില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
സമീപകാലത്തായി ദിലീപ് നായകനായ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായതിനാല്‍ ഇനിയൊരു ഹിറ്റും തിരിച്ചുവരവും താരത്തിന് സാധ്യമല്ലെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്. ഈ അവസ്ഥയില്‍ സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗം ദിലീപിനെ നായകനാക്കി ഒരുക്കുന്നത് ആദ്യഭാഗത്തോട് ചെയ്യുന്ന നീതികേടാണെന്നും കമന്റുകളുണ്ട്.
ദിലീപിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ഭ ഭ ബയെ പലരും ഉദാഹരണമാക്കി കാണിക്കുന്നുണ്ട്. 45 കോടിയിലേറെ ബജറ്റിലെത്തിയ ഭ ഭ ബ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. സ്വന്തം പേരില്‍ ബ്രാന്‍ഡ് ചെയ്തിറക്കുന്ന സിനിമ ഹിറ്റാക്കാന്‍ ദിലീപിന് സാധിക്കില്ലെന്നും ഇപ്പോഴും 2000 കാലഘട്ടത്തിലെ കോമഡിയില്‍ തന്നെ വട്ടമിട്ട് നടക്കുകയാണ് അയാളെന്നും കമന്റുകളുണ്ട്.
സി.ഐ.ഡി മൂസയില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത പല നടന്മാരും ഇന്ന് ജീവനോടെയില്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ക്യാപ്റ്റന്‍ രാജു, കസാന്‍ ഖാന്‍ തുടങ്ങിയവര്‍ ജീവനോടെയില്ല. ജഗതിയാകട്ടെ, അപകടത്തിന് ശേഷം പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയതുമില്ല. ദിലീപിനെക്കൊണ്ട് ഒറ്റക്ക് സി.ഐ.ഡി മൂസ പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സിനിമാപ്രേമികളുടെ കമന്റ്.
പവി കെയര്‍ടേക്കര്‍, പ്രിന്‍സ് ആന്‍ഡ് ഫാമിലി, വോയിസ് ഓഫ് സത്യനാഥന്‍ തുടങ്ങിയ ചെറിയ സിനിമകളും ബാന്ദ്ര, തങ്കമണി, ഭ ഭ ബ പോലുള്ള വലിയ സിനിമകളും വലിപ്പചെറുപ്പമില്ലാതെ പരാജയമാക്കിയ നടനായി ദിലീപ് മാറി. ആരാധകര്‍ക്കിടയില്‍ മാത്രം ജനപ്രിയനെന്ന് ടാഗുള്ള ദിലീപിന് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.