അച്ഛന്‍ ഗുസ്തി, ചേട്ടന്‍ പാര്‍ക്കൗര്‍, അനിയത്തി മൊയ് തായ്.... മൂന്ന് പേരെയും വെച്ച് ഒരു ആക്ഷന്‍ സിനിമ ആരെങ്കിലും ചെയ്യുമോ എന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
അച്ഛന്‍ ഗുസ്തി, ചേട്ടന്‍ പാര്‍ക്കൗര്‍, അനിയത്തി മൊയ് തായ്.... മൂന്ന് പേരെയും വെച്ച് ഒരു ആക്ഷന്‍ സിനിമ ആരെങ്കിലും ചെയ്യുമോ എന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 7th August 2026, 10:32 pm

താരകുടുംബത്തിലെ പുതിയൊരു അംഗം കൂടി ഇന്ന് സിനിമാലോകത്തേക്ക് കടന്നുവന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ തുടക്കം ഇന്ന് തിയേറ്ററുകളിലെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയം ശക്തമായി തന്നെ ഈ സിനിമയില്‍ സംസാരിച്ചിട്ടുണ്ട്.

വിസ്മയ മോഹൻലാൽ. Photo: Screengrab

ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയില്‍ കുറച്ച് ആക്ഷന്‍ സീനുകള്‍ ചേര്‍ത്തുകൊണ്ടാണ് ജൂഡ് ആന്തണി തുടക്കം അണിയിച്ചൊരുക്കിയത്. ആക്ഷന്‍ സീനുകളില്‍ വിസ്മയയുടെ ഫ്‌ളെക്‌സിബിലിറ്റി എടുത്തുപറയേണ്ടതാണ്. തുടക്കത്തിലെ ആക്ഷന്‍ സീനുകള്‍ ഹിറ്റായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ ഫാമിലിയിലെ മൂന്നാമത്തെ എന്‍ട്രിയായ വിസ്മയയും ആക്ഷന്‍ സീനില്‍ കഴിവ് തെളിയിച്ചതോടെ മറ്റ് രണ്ട് പേരുടെയും കഴിവും ചര്‍ച്ചയാകുന്നുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് മൊയ് തായ് എന്ന ആയോധനകല പഠിച്ചയാളാണ് വിസ്മയ. ഇത് തുടക്കത്തില്‍ താരത്തിന് ഗുണം ചെയ്തിട്ടുമുണ്ട്. സഹോദരന്‍ പ്രണവും ഇത്തരത്തില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചിട്ടുണ്ട്.

മാര്‍ഷ്യല്‍ ആര്‍ട്‌സിനൊപ്പം പാര്‍ക്കൗറിലും പ്രണവ് ഒരുപാട് കഴിവുള്ളവനാണ്. ആദ്യചിത്രമായ ആദിയില്‍ ഏറ്റവും വലിയ ഹൈലൈറ്റ് പ്രണവിന്റെ പാര്‍ക്കൗര്‍ ഫൈറ്റുകളായിരുന്നു. ആക്ഷന്‍ സീനുകളില്‍ താരത്തിന്റെ കഴിവ് ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ട്. പ്രണവും വിസ്മയയും ആക്ഷന്‍ സീനുകളില്‍ കഴിവ് തെളിയിക്കുമ്പോള്‍ അച്ഛനായ മോഹന്‍ലാല്‍ അവരെക്കാള്‍ കേമനാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

സിനിമയിലെത്തുന്നതിന് മുമ്പ് മോഹന്‍ലാല്‍ ഗുസ്തി ചാമ്പ്യനായിരുന്നു. കരാട്ടെ ബ്ലാക്ക് ബെല്‍റ്റും മോഹന്‍ലാല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ ആക്ഷന്‍ സീനുകളില്‍ മോഹന്‍ലാലിന്റെ ഫ്‌ളെക്‌സിബിലിറ്റിയും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. 65ാം വയസിലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസും ആക്ഷന്‍ സീനുകളിലെ ഡെഡിക്കേഷനും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

മോഹന്‍ലാല്‍, പ്രണവ്, വിസ്മയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു ആക്ഷന്‍ സിനിമ ആരെങ്കിലും ചെയ്യുമോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നു. ഹോളിവുഡ് ചിത്രം നോബഡി, തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബ്ലാസ്റ്റ് എന്നീ സിനിമകള്‍ പോലെ ഒരു സ്‌ക്രിപ്റ്റ് മോളിവുഡിലും വന്നിരുന്നെങ്കിലെന്നും പ്രേക്ഷകര്‍ ആഗ്രഹം പങ്കുവെക്കുന്നുണ്ട്.

Content Highlight: Social Media discussing the martial arts learned by Mohanlal’s family

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം