കോൺസ്റ്റബിൾ കുട്ടൻപിള്ളയല്ല ഇനിയങ്ങോട്ട് കോൺസ്റ്റബിൾ ദീപക്......ക്ലീഷേ പൊളിച്ച് ‘മോഹിനിയാട്ടം’ കഥാപാത്രം
Malayalam Cinema
കോൺസ്റ്റബിൾ കുട്ടൻപിള്ളയല്ല ഇനിയങ്ങോട്ട് കോൺസ്റ്റബിൾ ദീപക്......ക്ലീഷേ പൊളിച്ച് ‘മോഹിനിയാട്ടം’ കഥാപാത്രം
നന്ദന എം.സി
Tuesday, 12th May 2026, 1:14 pm

മലയാള സിനിമയിൽ ചില കഥാപാത്ര പേരുകൾ വർഷങ്ങളായി ഒരു സ്ഥിരം ഫോർമുല പോലെ ഉപയോഗിക്കപ്പെടാറുണ്ട്. വേലക്കാരിയെങ്കിൽ ജാനു, കോൺസ്റ്റബിളാണെങ്കിൽ കുട്ടൻപിള്ള, ബ്രോക്കറാണെങ്കിൽ കേശവൻ എന്നിങ്ങനെ പ്രേക്ഷകർക്ക് മനസിൽ പതിഞ്ഞ ചില പേരുകൾ ഇന്നും സിനിമകളിൽ ആവർത്തിക്കപ്പെടുന്നു.

മോഹിനിയാട്ടം, Photo: X.com

ഇത്തരം പതിവുകളെ രസകരമായി മാറ്റിക്കുറിച്ചിരിക്കുകയാണ് മോഹിനിയാട്ടം എന്ന ചിത്രത്തിലെ കോൺസ്റ്റബിൾ ദീപക് എന്ന കഥാപാത്രം. ചെറിയ കഥാപാത്രമായിരുന്നെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് ഈ പേര്.

ഭരതനാട്യം എന്ന ചിത്രത്തിന്റെ തുടർച്ചയായി എത്തിയ മോഹിനിയാട്ടത്തിന് റിലീസിന് മുമ്പേ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു.

ഭരതനാട്യം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും, ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തുടർന്ന് എത്തിയ മോഹിനിയാട്ടത്തിന് തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ഒരുപോലെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

മോഹിനിയാട്ടം, Photo: Facebook.com

ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രം എത്തുമ്പോൾ സ്വാഭാവികമായി പലരും പ്രതീക്ഷിച്ചത് ‘കോൺസ്റ്റബിൾ കുട്ടൻപിള്ള’ എന്ന പേരായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ‘കോൺസ്റ്റബിൾ ദീപക്’ എന്ന പേരാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

സാധാരണയായി മലയാള സിനിമകളിൽ പോലീസ് കഥാപാത്രങ്ങൾക്ക് നൽകാറുള്ള ക്ലീഷേ പേരുകളിൽ നിന്നും മാറിയുള്ള ഈ തെരഞ്ഞെടുപ്പാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ‘കുട്ടൻപിള്ളയിൽ നിന്ന് ഫാഷൻ പേരിലേക്കുള്ള മാറ്റം’ എന്ന രീതിയിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പേര് മാത്രമല്ല, കഥാപാത്രത്തിന്റെ അവതരണവും പ്രേക്ഷകർക്ക് പുതുമയായിരുന്നു. സാധാരണ പോലീസ് കഥാപാത്രങ്ങളിൽ കാണുന്ന സംഭാഷണങ്ങളോ കടുപ്പമോ ഇല്ലാതെ, വളരെ ശാന്തവും മാന്യവുമായ രീതിയിലാണ് കോൺസ്റ്റബിൾ ദീപക് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മോഹിനിയാട്ടം, Photo: X.com

ചോദ്യം ചെയ്യലിനിടയിലും നിയന്ത്രിതമായ പെരുമാറ്റം പുലർത്തുന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായി. വളരെ കുറച്ച് രംഗങ്ങളിലേ ഉണ്ടായിരുന്നുള്ളുവെങ്കിലും കഥാപാത്രം ശ്രദ്ധിക്കപ്പെടാൻ അത്ര തന്നെ മതി എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ശശിധരൻ മട്ടന്നൂർ ആണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കണ്ണൂർ കഫേ കോമഡി വീഡിയോസ് ടീമിലെ അംഗമായും ശശിധരൻ ശ്രദ്ധിക്കപെടുന്നുണ്ട്.

Content Highlight: Social media discussing the character of Constable Deepak in the movie Mohiniyattam.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.