മറ്റൊരു മരക്കാറോ, വാലിബനോ, ഒടിയനോ ആവാൻ സാധ്യതയുള്ള സിനിമ? ട്രെയ്‌ലറിന് പിന്നാലെ വിമർശനവുമായി സോഷ്യൽ മീഡിയ
Malayalam Cinema
മറ്റൊരു മരക്കാറോ, വാലിബനോ, ഒടിയനോ ആവാൻ സാധ്യതയുള്ള സിനിമ? ട്രെയ്‌ലറിന് പിന്നാലെ വിമർശനവുമായി സോഷ്യൽ മീഡിയ
നന്ദന എം.സി
Wednesday, 1st April 2026, 11:15 am

ജയസൂര്യ നായകനായെത്തുന്ന കത്തനാർ സിനിമയുടെ ട്രെയ്ലർ ഇന്നലെയാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ശക്തമായ ചർച്ചകളാണ് നടക്കുന്നത്. ടീസർ നൽകിയ വലിയ പ്രതീക്ഷകൾ ട്രെയ്ലറോടെ കുറയുകയാണെന്ന അഭിപ്രായമാണ് ഒരു വിഭാഗം പ്രേക്ഷകർ പങ്കുവയ്ക്കുന്നത്.

ഐതിഹ്യമാലയിൽ വായിച്ചും പഴയ സീരിയലുകളിൽ കണ്ടുമടുത്ത കത്തനാറിൽ നിന്ന് പൂർണമായും വ്യത്യസ്തമായ അവതരണമായിരിക്കും ഈ സിനിമയിലുണ്ടാകുകയെന്നതിന് ട്രെയ്ലർ തന്നെ സൂചന നൽകുന്നുണ്ട്.

ദൃശ്യഭംഗിയും സാങ്കേതിക മികവും ട്രെയ്ലറിൽ വ്യക്തമായി കാണിച്ചെങ്കിലും, കഥയുടെ അവതരണത്തിലും ടോണിലും ചിലർ സംശയങ്ങൾ ഉയർന്നിരിക്കുകയാണ്.

കത്തനാർ, Photo: X.com

മരക്കാർ, ഒടിയൻ, ബറോസ്, മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ വൻ ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്താണ് വിമർശനങ്ങൾ ഉയരുന്നത്. വലിയ സ്കെയിലും മികച്ച ടെക്നിക്കൽ ക്വാളിറ്റിയും ഉണ്ടായിട്ടും തിരക്കഥയിലെ പാളിച്ചകൾ കാരണം പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന മുൻ അനുഭവങ്ങൾ ഓർമിപ്പിച്ചാണ് പ്രേക്ഷകർ ആശങ്ക പ്രകടിപ്പിക്കുന്നത്. ‘മേക്കിങ് ടോപ് ആയിരിക്കും, പക്ഷേ കണ്ടന്റ് പിടിക്കുമോ?’ എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചോദ്യം.

കടമറ്റത്ത് കത്തനാർ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ സുപരിചിതമാണ്. ഐതിഹ്യമാല മുതൽ സിനിമ, സീരിയൽ, നാടകങ്ങൾ എന്നിവയിലൂടെ മനസിൽ പതിഞ്ഞ ഒരു രൂപമാണ് പ്രേക്ഷകർക്ക് ഉള്ളത്. അതുകൊണ്ട് തന്നെ, കഥാപാത്രത്തെ പൂർണമായും പുതുക്കി അവതരിപ്പിക്കുമ്പോൾ അത് എത്രത്തോളം അംഗീകരിക്കപ്പെടും എന്ന ആശങ്കയും ഉയരുന്നു.

കത്തനാർ, Photo: YouTube/ Screengrab

ഈ ചിത്രം ‘അടിച്ചാൽ ലോട്ടറി ഹിറ്റ്, അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ഡിസാസ്റ്റർ’ എന്ന തരത്തിലേക്ക് പോകാനിടയുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതേസമയം, ശക്തമായ തിരക്കഥയും ശരിയായ എക്സിക്യൂഷനും ഉണ്ടെങ്കിൽ മലയാള സിനിമയ്ക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കാനാകുമെന്ന പ്രതീക്ഷയും മറ്റൊരു വിഭാഗം പങ്കുവയ്ക്കുന്നു.

ഇതിനിടെ കത്തനാരിന്റെ റിലീസ് പ്ലാനിങ്ങിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുയരുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ചിത്രം എത്തുമോയെന്നത് ഇപ്പോഴും വ്യക്തമല്ല. ആദ്യ ഭാഗത്തിന് ശക്തമായ ക്ലൈമാക്സ് ഒരുക്കി, അടുത്ത ഭാഗത്തേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുമെങ്കിൽ സിനിമ ബോക്സ് ഓഫിസിൽ വലിയ വിജയം നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

എന്തൊക്കെയായാലും കത്തനാർ വലിയ ഹൈപ്പും അതേ സമയം വലിയ റിസ്കും ഒരുമിച്ച് വഹിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ്. ഇത് മറ്റൊരു നിരാശയായിത്തീരുമോ, അല്ലെങ്കിൽ മലയാള സിനിമയ്ക്ക് പുതിയൊരു അത്ഭുതമാകുമോ എന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Content Highlight: Social media criticizes the movie Kathanar

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.