എണ്ണിയാലൊടുങ്ങാത്ത വേഷപകര്‍ച്ചകളുമായി ഒരു മനുഷ്യായുസിന്റെ ഭൂരിഭാഗം വര്‍ഷങ്ങളും സിനിമയ്ക്കായി സമര്‍പ്പിച്ച അതുല്യ കലാകാരനാണ് മോഹന്‍ലാല്‍. 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം നാനൂറോളം ചിത്രങ്ങളാണ് മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചെയ്തിട്ടുള്ളത്. അഞ്ച് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഒമ്പത് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയെടുത്ത താരത്തിന്റെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികള്‍.

മോഹന്‍ലാല്‍. Photo: X.com

മെയ് 21ന് പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് മമ്മൂട്ടിയടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖരും മറ്റ് മേഖലയില്‍ നിന്നുള്ളവരും രംഗത്തെത്തുന്ന കാഴ്ച്ചയ്ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ഇവര്‍ക്കൊപ്പം തങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന് ആശംസകളുമായി ആരാധകരും സിനിമാ പ്രേമികളും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ സര്‍വ്വം മോഹന്‍ലാല്‍ മയമാണ്.

താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ ഹൈപ്പേറിയ ചിത്രമായ ദൃശ്യം 3 തന്റെ പിറന്നാള്‍ ദിനത്തില്‍ തിയേറ്ററുകളിലെത്തുന്നു എന്ന പ്രത്യകതയും ഇന്നത്തെ ദിവസത്തിനുണ്ട്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായി മാറുകയും മൂന്നാം ഭാഗത്തിലെത്തി നില്‍ക്കുകയും ചെയ്യുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ ഈ കൂട്ടുകെട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

ജോര്‍ജ് കുട്ടിയെന്ന നാലാം ക്ലാസുകാരനായി മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി അരങ്ങ് വാഴാനൊരുങ്ങുമ്പോള്‍ എന്ത് സസ്‌പെന്‍സാണ് ചിത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാാനറില്‍ ഒരുക്കിയ ചിത്രം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ റിലീസ് അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുകയും ഭൂരിഭാഗം തിയേറ്ററുകളിലും മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. മലയാളത്തില്‍ മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത വിധത്തിലുള്ള സ്വാധീനമാണ് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നതെന്നതിന്റെ തെളിവാണ് ഒരു ക്രൈം ത്രില്ലര്‍ ഫാമിലി ഡ്രാമയായ ദൃശ്യത്തിന് ലഭിക്കുന്ന സ്വീകാര്യത.

ദൃശ്യം 3. Photo: District

ആദ്യ ദിനത്തില്‍ മാത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രത്തിന് 25 കോടിയിലധികം നേടാനായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ കളക്ഷന്‍ 40കോടിയോട് അടുത്തേക്കാമെന്നും സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യ ദിവസത്തെ പ്രതികരണങ്ങള്‍ പോസിറ്റീവായാല്‍ മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്താനുള്ള കഴിവ് ദൃശ്യം 3യ്ക്കുണ്ടെന്നതില്‍ സംശയമില്ല.

Content Highlight: Social Media and Theatre fills with Mohanlal on his 66th birthday