ലീഡ്‌സില്‍ മന്ഥാന കൊടുങ്കാറ്റ്; വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് സണ്‍റൈസേഴ്‌സ്
Cricket
ലീഡ്‌സില്‍ മന്ഥാന കൊടുങ്കാറ്റ്; വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് സണ്‍റൈസേഴ്‌സ്
ശ്രീരാഗ് പാറക്കല്‍
Wednesday, 29th July 2026, 8:33 am

വുമണ്‍സ് ഹണ്ട്രഡില്‍ സണ്‍റൈസേഴ്‌സ് ലീഡ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജെയ്ന്റ്‌സ് ഓപ്പണറും ഇന്ത്യന്‍ താരവുമായി സ്മൃതി മന്ഥാന. 50 പന്തില്‍ പുറത്താകാതെ 88 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. 73 മിനിട്ട് നേരം ബാറ്റ് ചെയ്ത സ്മൃതി നാല് സിക്‌സും ഏഴ് ഫോറുമാണ് പറത്തിയത്. 176.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. സ്മൃതിയുടെ ബാറ്റിങ് കരുത്തിലാണ് സൂപ്പര്‍ ജെയ്ന്റ്‌സ് വിജയം കീഴടക്കിയത്.

ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ നാല് പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 100 പന്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മാഞ്ചസ്റ്റര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ സ്മൃതിക്ക് പുറമെ ക്യാപ്റ്റന്‍ മെഗ് ലാനിങ് 18 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി.

എന്നാല്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിക്കാതെ മടങ്ങുമ്പോള്‍ മന്ഥാന വെടിക്കെട്ട് പ്രകടനമായിരുന്നു നടത്തിയത്. അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് മന്ഥാന മാഞ്ചസ്റ്ററിനെ വിജയത്തിലെത്തിച്ചത്.

സണ്‍റൈസേഴ്‌സിന് വേണ്ടി കാസിഡി മകാര്‍തി, ജെസ് ജോണ്‍സന്‍, ഹന്ന ബേക്കര്‍, ഡാനി ഗിബ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റുള്‍ വീതം വീഴ്ത്തി.

അതേസമയം ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സിനായ മികവ് പുലര്‍ത്തിയത് മധ്യനിര താരം അനബല്‍ സതര്‍ലാന്‍ഡാണ്. 24 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. ഫോബി ലിച്ച്ഫീല്‍ഡ് 26 പന്തില്‍ 31 റണ്‍സും നേടിയരുന്നു. ഓപ്പണര്‍ ബ്രിയോണി സ്മിത് 26 റണ്‍സിനാണ് മടങ്ങിയത്.

സൂപ്പര്‍ ജെയ്ന്റ്‌സിന് വേണ്ടി മെയ്റ്റ്‌ലന്‍ ബ്രോണ്‍, കാത്‌റിന്‍ ബ്രൈസ്, മാഡി വില്ലേഴ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

 

Content Highlight: Smriti Mandhana, the Indian star and Manchester Super Giants opener, delivered an explosive batting performance in The Hundred

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ