സംഗതി ഭാര്യയുടെ പേരിലുള്ള തിയേറ്ററൊക്കെ തന്നെ... പക്ഷേ, ആശീര്‍വാദിന്റെ സീറ്റ് എടുത്തുമാറ്റാന്‍ ജോര്‍ജുകുട്ടി മറന്നു, ദൃശ്യം 3 മിസ്‌റ്റേക്കുകള്‍ അവസാനിക്കുന്നില്ല
Malayalam Cinema
സംഗതി ഭാര്യയുടെ പേരിലുള്ള തിയേറ്ററൊക്കെ തന്നെ... പക്ഷേ, ആശീര്‍വാദിന്റെ സീറ്റ് എടുത്തുമാറ്റാന്‍ ജോര്‍ജുകുട്ടി മറന്നു, ദൃശ്യം 3 മിസ്‌റ്റേക്കുകള്‍ അവസാനിക്കുന്നില്ല
അമര്‍നാഥ് എം.
Wednesday, 24th June 2026, 7:40 am

ക്ലാസിക് ക്രിമിനലായ ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒ.ടി.ടിയില്‍ സമാനതകളില്ലാത്ത ട്രോളുകളാണ് ഏറ്റുവാങ്ങുന്നത്. 200 കോടിയിലേറെ കളക്ഷന്‍ നേടിയ ഒരു സിനിമ ഇത്തരത്തില്‍ ഒരു ട്രോള്‍ മെറ്റീരിയലാകുന്നത് മലയാളത്തില്‍ ഇത് ആദ്യമായിട്ടാണ്. ഒ.ടി.ടി റിലീസായ അന്ന് മുതല്‍ ദൃശ്യം 3 എയറിലാണ്.

ദൃശ്യം 3 Photo: Theatrical poster

ജീത്തു ജോസഫ് ഒരുക്കിയ ‘ബ്രില്യന്റ്’ തിരക്കഥയിലെ പല ഭാഗങ്ങളിലും മുഴച്ചു നില്‍ക്കുന്ന ലോജിക്കില്ലായ്മയും പല കഥാപാത്രങ്ങള്‍ക്കും നല്‍കിയ ട്രാന്‍സ്‌ഫോര്‍മേഷനും ട്രോളന്മാര്‍ വലിച്ചുകീറുകയാണ്. ജോര്‍ജുകുട്ടി അടക്കം പല കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ ആര്‍ക് നശിപ്പിച്ചെന്നും ചിലര്‍ ആരോപിക്കുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത് മിസ്‌റ്റേക്കാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ജോര്‍ജുകുട്ടി പ്രൊഡ്യൂസ് ചെയ്ത ചിത്രം എല്ലാവരും തിയേറ്ററിലിരുന്ന് കാണുന്ന സീനിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സിനിമയുടെ നിര്‍മാതാവും സംവിധായകനും നായകനുമെല്ലാം തിയേറ്ററിലിരുന്ന് ജോര്‍ജുകുട്ടിയുടെ ‘ദൃശ്യം‘ കാണുന്നത് അയാളുടെ ഉടമസ്ഥതതയിലുള്ള റാണി തിയേറ്ററിലിരുന്ന് കൊണ്ടാണ്. എന്നാല്‍ ഈ സീനില്‍ വലിയൊരു മിസ്‌റ്റേക്കുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

ദൃശ്യം 3 Photo: Ojas Gambheera/ Facebook

പുറത്ത് എഴുതിയിരിക്കുന്നത് റാണി തിയേറ്റര്‍ എന്നാണെങ്കിലും അകത്തെ സീറ്റുകളെല്ലാം ആശീര്‍വാദ് സിനിമാസിന്റേതാണെന്ന് പറയുന്ന പോസ്റ്റ് ഇതിനോടകം വൈറലായി. ഭാര്യയുടെ പേരില്‍ തിയേറ്റര്‍ ആരംഭിച്ച ജോര്‍ജുകുട്ടി സീറ്റിലെ എഴുത്ത് മാറ്റാത്തത് മോശമാണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം വൈറലായി.

ഓജസ് ഗംഭീര എന്ന ഫേസ്ബുക്ക് ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്. ദൃശ്യം 3യുടെ നിലവാരത്തിന് അനുസരിച്ച് രസകരമായ കമന്റുകളും പോസ്റ്റിന് താഴെ പലരും പങ്കുവെച്ചു. തിയേറ്ററിന്റെ പുറത്ത് കാണിച്ച എഴുത്ത് മായ്ച്ചപ്പോള്‍ തന്നെ സി.ജി.ഐക്കുള്ള ബജറ്റ് തീര്‍ന്നെന്നാണ് പ്രധാന കമന്റ്. പാലാ ജോസ് തിയേറ്ററാണ് ദൃശ്യത്തില്‍ റാണി തിയേറ്ററാക്കിയതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ദൃശ്യം 3 Photo: Ojas Gambheera/ Facebook

‘സീറ്റ് കവര്‍ ഇവര്‍ സ്‌പോണ്‍സര്‍ ചെയ്തതായിരിക്കും’ എന്ന് പറഞ്ഞുകൊണ്ട് ആശീര്‍വാദ് ആട്ടയുടെ ചിത്രവും കമന്റ് ബോക്‌സില്‍ ഒരാള്‍ പങ്കുവെച്ചു. ഇത്രയും വലിയ സിനിമയിലൂടെ സ്വന്തം തിയേറ്റര്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മാസ്റ്റര്‍ ബ്രെയിനാണ് ഇതെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ കൂടുതല്‍ മിസ്റ്റേക്കുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും കമന്റുകളുണ്ട്.

Content Highlight: Small mistake in Drishyam 3 opening scene viral in Social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം