ന്യൂദൽഹി: പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള അപേക്ഷാ ഫോമായ ഫോം ആറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുത്തിയ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത് മാസങ്ങൾക്ക് മുൻപ് തന്നെ ഡോ. ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തിയിരുന്നു.
ഓൺലൈൻ അപേക്ഷയിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ സംബന്ധിച്ച പ്രഖ്യാപനം ഉൾപ്പെടുത്തിയത് തികച്ചും നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ച് അദ്ദേഹം ജൂലൈയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. ഈ പുതിയ നിബന്ധന അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പുതിയ വോട്ടർമാർക്ക് പേര് ചേർക്കാനുള്ള ഫോം ആറിന്റെ ഓൺലൈൻ പതിപ്പിൽ, അപേക്ഷകനോ അവരുടെ മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ മുൻപത്തെ എസ്.ഐ.ആറിന് ശേഷം തയ്യാറാക്കിയ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന നിബന്ധനയാണ് കമ്മീഷൻ ഉൾപ്പെടുത്തിയത്. എന്നാൽ, ഈ ഫോമിന്റെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഓഫ്‌ലൈൻ പതിപ്പിൽ ഇത്തരം വിവരങ്ങൾ ചോദിക്കുന്നില്ല.
ഫോം ആറിൽ മാറ്റങ്ങൾ വരുത്താൻ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലോ അനുബന്ധ ചട്ടങ്ങളിലോ പാർലമെന്ററി ഭേദഗതി അനിവാര്യമാണെന്നിരിക്കെ, യാതൊരു ഭേദഗതിയുമില്ലാതെയാണ് കമ്മീഷൻ ഈ മാറ്റം വരുത്തിയത്. ഇതോടെയാണ് കമ്മീഷൻ പൂർണമായും നിയമപരമായ അധികാരമില്ലാതെയാണ് പ്രവർത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് കത്തയച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 324 കമ്മീഷന് വിപുലമായ അധികാരം നൽകുന്നുണ്ടെങ്കിലും, നിയമപരമായ ചട്ടങ്ങൾ മാറ്റിയെഴുതാനോ പാർലമെന്റിന്റെ അധികാരങ്ങൾ ഏറ്റെടുക്കാനോ ഇത് ഉപയോഗിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒരേ ആവശ്യത്തിനായി ഓൺലൈൻ അപേക്ഷ നൽകുന്നവർക്കും നേരിട്ട് അപേക്ഷ നൽകുന്നവർക്കും രണ്ട് തരം മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെ ലംഘനമാണെന്നും എം.പി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് കന്നി വോട്ടർമാർ, വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, ദത്തെടുക്കപ്പെട്ട കുട്ടികൾ, അനാഥർ, കുടുംബവുമായി അകന്നു കഴിയുന്നവർ, പതിറ്റാണ്ടുകളായി പല മണ്ഡലങ്ങളിലേക്ക് മാറിത്താമസിച്ച മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ ഉള്ള പൗരന്മാർ എന്നിവർക്ക് 2002-03 കാലഘട്ടത്തിലെ പഴയ എസ്.ഐ.ആർ രേഖകൾ ലഭ്യമാക്കാൻ പ്രായോഗികമായ മാർഗ്ഗങ്ങൾ ഉണ്ടാകണമെന്നില്ല. അതിനാൽ ഈ പ്രഖ്യാപനത്തിന്റെ പേരിൽ ഒരു ഫോമും നിരസിക്കുകയോ മാറ്റിവെക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പൊതുതാത്പ്പര്യാർത്ഥം ഇത്തരമൊരു പ്രഖ്യാപനം ആവശ്യമാണെങ്കിൽ, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 28 പ്രകാരം ബന്ധപ്പെട്ട അധികാരികൾ വഴി 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് ഭേദഗതി ചെയ്യാൻ ശുപാർശ ചെയ്യുകയാണ് ശരിയായ ഭരണഘടനാപരമായ മാർഗമെന്നും ബ്രിട്ടാസ് കത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഫോം ആറ് ഭേദഗതി ചെയ്തിട്ടില്ലെന്നും ആഭ്യന്തര നിർദേശങ്ങളിലൂടെ വിവരശേഖരണം നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളുടെ അപ്പോഴത്തെ പ്രതികരണം. ഇത് വോട്ടർമാരെ തിരിച്ചറിയാനും സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിക്കുമെന്നും കമ്മീഷൻ അവകാശപ്പെട്ടിരുന്നു.
നേരത്തെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിന് ആളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇടയാക്കിയതടക്കമുള്ള വിവാദങ്ങൾ നിലനിൽക്കെയാണ്, ഫോം ആറിലെ എസ്.ഐ.ആർ നിബന്ധനയിലെ നിയമപ്രശ്നം മാസങ്ങൾക്ക് മുൻപേ ഡോ. ജോൺ ബ്രിട്ടാസ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
Content Highlight:SIR Requirement in Form 6 Is Illegal; Britas Wrote to the Election Commission as Early as July.
