എസ്.ഐ.ആര്‍: മഹാരാഷ്ട്രയില്‍ രണ്ട് കോടിയിലധികം പേര്‍ പുറത്ത്
India
എസ്.ഐ.ആര്‍: മഹാരാഷ്ട്രയില്‍ രണ്ട് കോടിയിലധികം പേര്‍ പുറത്ത്
നിഷാന. വി.വി
Tuesday, 18th August 2026, 7:53 am

മുംബൈ: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ ആദ്യ ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായി 2.7 കോടി പേര്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 9.70 കോടിയില്‍ 2.7 കോടിയിലേറെ എസ്.ഐ.ആര്‍ ഫോമുകള്‍ തിരിച്ചെത്തിയില്ല.

വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് എന്‍.സി.പി എം.എല്‍.എ രോഹിത് പവാര്‍ പോളിങ് ഉദ്യോഗസ്ഥരെ കണ്ടു. താനെ, പൂനെ, നാസിക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ബി.എല്‍.ഒമാര്‍ ബി.ജെ.പി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ആറില്‍ നിന്നും പുറത്താക്കപ്പെട്ട 77 ലക്ഷം പേര്‍ വീടുമാറി പോയെന്നും 34 ലക്ഷം പേര്‍ മരണപ്പെട്ടുവെന്നും 76 ലക്ഷത്തോളം പേരെ കണ്ടെത്താനായില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ബി.ജെ.പി അനുകൂല വോട്ടര്‍മാരെ തരം തിരിക്കുന്നതിനായി പാര്‍ട്ടി പ്രത്യേക സോഫ്റ്റ് വെയര്‍ നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എസ്.ഐ.ആര്‍ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ 99.89 ശതമാനം പൂര്‍ത്തിയായതായി പോളിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം 1,00253 ലെവല്‍ ഓഫീസര്‍മാരെ വിന്യസിച്ചിട്ടുണ്ടെന്നും കരട് വോട്ടര്‍ പട്ടിക അതാത് ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വോട്ടര്‍മാര്‍ക്ക് അവരുടെ പേരുകള്‍ പരിശോധിക്കാമെന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഫോം ആറ് സമര്‍പ്പിക്കാമെന്നും പോളിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Content Highlight: SIR: More than two crore people out in Maharashtra

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.