വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ്. ഐ. ആര്‍ മാറിക്കഴിഞ്ഞു: ആര്‍. രാജഗോപാലിനെതിരായ കേന്ദ്ര നടപടിയില്‍ പിണറായി
Kerala
വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ്. ഐ. ആര്‍ മാറിക്കഴിഞ്ഞു: ആര്‍. രാജഗോപാലിനെതിരായ കേന്ദ്ര നടപടിയില്‍ പിണറായി
നിഷാന. വി.വി
Monday, 29th June 2026, 1:27 pm

തിരുവനന്തപുരം: ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുന്‍ എഡിറ്ററും മലയാളിയുമായ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന കാരണം പറഞ്ഞാണ് ആര്‍. രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചതെന്നും കൊല്‍ക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയിലാണ് അദ്ദേഹത്തിന്റെ പേര് നീക്കിയതെന്നും അതിന്റെ തുടര്‍ച്ചയായി പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പിണറായി പറഞ്ഞു.

‘ബംഗാളിലെ 27 ലക്ഷം പൗരന്മാര്‍ക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാല്‍ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ ഉടന്‍ ഹാജരാവാന്‍ അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോയിന്‍മെന്റ് അനുവദിച്ചത് ജൂലൈ 17 ന് മാത്രം. ഇതിനിടയില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന മകളുടെ വിവാഹത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

ലോകം അറിയുന്ന ഒരു പത്രാധിപര്‍ക്ക് ഇതാണ് അനുഭവം എങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ,’ അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായി വിജയന്റ് പ്രതികരണം.

ബി.ജെ.പിയുടെ കടുത്ത വിമര്‍ശകന്‍ എന്ന നിലയില്‍ ആയിരിക്കും രാജഗോപാല്‍ പ്രതികാര നടപടിക്ക് ഇരയായിട്ടുണ്ടാവുകയെന്നും എന്നാല്‍ ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ, സാധാരണക്കാരായ പൗരന്മാരെ തെരഞ്ഞുപിടിച്ച് എസ്.ഐ.ആറിലൂടെ പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ്. ഐ. ആര്‍ മാറിക്കഴിഞ്ഞു. പൗരത്വം നിര്‍ണയിക്കേണ്ടത് എസ്.ഐ.ആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോള്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് നിശബ്ദരായിക്കാനാവില്ല. ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണം,’ പിണറായി വിജയന്‍ പറഞ്ഞു.

Content Highlight: SIR has become a tool to advance the divisive Hindutva agenda: Pinarayi on central action against R. Rajagopal

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.