വൈഭവ് സൂര്യവംശിയെ നേരത്തെ പുറത്താക്കണമെങ്കില്‍ മുംബൈ അത് ചെയ്യണം; നിര്‍ദേശവുമായി സൈമണ്‍ ഡൗള്‍
Cricket
വൈഭവ് സൂര്യവംശിയെ നേരത്തെ പുറത്താക്കണമെങ്കില്‍ മുംബൈ അത് ചെയ്യണം; നിര്‍ദേശവുമായി സൈമണ്‍ ഡൗള്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 7th April 2026, 11:50 am

രാജസ്ഥാനെതിരായ മത്സരത്തില്‍ മുംബൈ ഓപ്പണിങ് ബൗളിങ്ങിന് ബുംറയെ കൊണ്ടുവരണമെന്ന് മുന്‍ ന്യൂസിലാന്‍ഡ് താരവും ക്രിക്കറ്റ് കമന്റേറ്റുമായ സൈമണ്‍ ഡൗള്‍. വൈഭവ് സൂര്യവംശിയെ നേരത്തെ പുറത്താക്കി രാജസ്ഥാന്‍ കാറ്റിനെ തടയാന്‍ ബുംറയ്ക്ക് തന്നെ ആദ്യ ഓവര്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

‘മുംബൈ അവരുടെ ഹോംവര്‍ക്ക് ശരിയായി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ബുംറയില്‍ നിന്ന് തുടങ്ങും. അവന്‍ പലപ്പോഴും ബൗളിങ് ഓപ്പണ്‍ ചെയ്യാറില്ല, പക്ഷേ ഈ മത്സരത്തില്‍ ബുംറ ആദ്യ ഓവര്‍ ചെയ്യണം. സൂര്യവംശിയെ നേരത്തെ പുറത്താക്കണമെങ്കില്‍, രാജസ്ഥാന്റെ കാറ്റിനെ തുടക്കത്തില്‍ തന്നെ തടയണമെങ്കില്‍ നിങ്ങള്‍ മികച്ച ബുംറയെ തന്നെ കൊണ്ടുവരണം. ബുംറയ്‌ക്കെതിരെ അതി ശക്തമായി അവന്‍ നിലകൊള്ളാന്‍ ശ്രമിക്കും. നമ്മള്‍ ഇഷ്ടപ്പെടുന്ന യുവത്വത്തിന്റെ ആവേശമാണ് അത്,’ സൈമണ്‍ ഡൗള്‍.

ഐ.പി.എല്ലില്‍ ഇന്ന് (ഏപ്രില്‍ ഏഴ്) രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം.

ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശിയും യശസ്വി ജെയ്‌സ്വാളും മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് 15കാരനാണ് സൂര്യവംശി കൂറ്റനടികള്‍ ഗാലറിയിലെത്തിക്കുന്നത്. സീസണിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് 83 റണ്‍സാണ് താരം സ്വന്തമാക്കിയത്. 237.14 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ഐ.പി.എല്ലില്‍ ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 3035 റണ്‍സാണ് വൈഭവ് അടിച്ചത്. 101 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 37.22 എന്ന മികച്ച ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 213.38 എന്ന സ്‌ട്രൈക്ക് റേറ്റും വൈഭവ് സ്വന്തമാക്കി.

Content Highlight: Simon Dowell says Mumbai should give Jasprit Bumrah the first over if they want to get Vaibhav Suryavanshi out early

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ