വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലിന്റെ മെൻ ഇൻ ബ്ലൂ സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 39 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 75 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സുമായി രോഹിത് ശര്‍മ പുറത്തായങ്കെിലും ക്യാപ്റ്റന്റെ മിന്നും പ്രകടനമായിരുന്നു അരങ്ങേറിയത്. കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയുമായാണ് ഗില്‍ തിളങ്ങിത്.

ശുഭ്‌മൻ ഗിൽ

നേരിട്ട 117ാം പന്തില്‍ ഇരുന്നൂറടിച്ച ഗില്ലിന് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരമായി മാറാനും സാധിച്ചു. 133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സുമായാണ് ഗില്‍ കരുത്തുകാട്ടിയത്.

പരമ്പരയിലെ ആദ്യമത്സരത്തിലും ഗില് തന്റെ വെടിക്കെട്ട്‌ പ്രകടനം പുറത്തെടുത്തിരുന്നു. 96 പന്തിൽ 110 റൺസാണ് ക്യാപ്റ്റൻ നേടിയെടുത്തത്. ഇതോടെ അടുത്തൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. തുടർച്ചയായ രണ്ട് ഏകദിന ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം എന്ന നേട്ടമാണ് ഗില്ലിനെ തേടിയെത്തിയത്. പട്ടികയിലെ ഒന്നാം സ്ഥാനം ന്യൂസിലാൻഡ് താരം മാർട്ടിൻ ഗപ്റ്റിലാണ്.

തുടർച്ചയായ രണ്ട് ഏകദിന ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ
( താരം, ടീം, ആകെ റൺസ്, വർഷം)

മാർട്ടിൻ ഗപ്റ്റിൽ – ന്യൂസിലൻഡ് – 342 (105, 237*) – 2015

ശുഭ്‌മൻ ഗിൽ – ഇന്ത്യ – 333 (110, 223*) – 2026

ശുഭ്‌മൻ ഗിൽ – ഇന്ത്യ – 324 (116, 208) – 2023

ഷോൺ വില്യംസ് – സിംബാബ്‌വേ – 316 (174, 142) – 2023

രോഹിത് ശർമ – ഇന്ത്യ – 316 (52, 264) – 2014

മത്സരത്തില്‍ ഗില്ലിന് പുറമെ വിരാട് കോഹ്‌ലി 19 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍, ഋതുരാജ് ഗെയ്ക്വാദ് 37 പന്തില്‍ 31 റണ്‍സ് നേടിയും പുറത്താകാതെ നിന്നു.

വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടുമത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlights: Shubman Gill secured second place in the list of most runs scored in two consecutive ODI innings