ത്രീ ഒരുപാട് വെല്ലുവിളി നിറഞ്ഞ സിനിമ; അതെന്നെ പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു: ശ്രുതി ഹാസന്‍
Indian Cinema
ത്രീ ഒരുപാട് വെല്ലുവിളി നിറഞ്ഞ സിനിമ; അതെന്നെ പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു: ശ്രുതി ഹാസന്‍
ഐറിന്‍ മരിയ ആന്റണി
Monday, 23rd March 2026, 9:14 am

നടി, ഗായിക എന്നീ മേഖലകളില്‍ ശ്രദ്ധേയയാണ് ശ്രുതി ഹാസന്‍. ഉലക നായകന്‍ കമല്‍ ഹാസന്റെ മകള്‍ കൂടിയായ ശ്രുതി ബാലതാരമായാണ് സിനിമയിലേക്ക് എത്തിയത്. ഐശ്വര്യ രജിനികാന്തിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ ത്രീയിലൂടെയാണ് ശ്രുതി നായികയായി അരങ്ങേറിയത്. ചിത്രത്തിലെ ജനനി എന്ന വേഷം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഉള്‍പ്പെടെ വ്യത്യസ്ത ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും താരത്തിന്റെ ത്രീ എന്ന സിനിമയ്ക്ക് പ്രേക്ഷകരുടെ ഇടയില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇപ്പോഴിതാ, മാഷബിള്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ത്രീ സിനിമയെ കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ത്രീ ശരിക്കും എനിക്ക് വെല്ലുവിളികള്‍ നിറഞ്ഞ ഒരു സിനിമയും വേഷവുമായിരുന്നു. കാരണം കരിയറിന്റെ തുടക്കത്തില്‍ ചെയ്ത സിനിമയാണ് അത്, ആ സിനിമയ്ക്ക് ശേഷം എനിക്ക് വ്യത്യസ്ത തരം വേഷങ്ങള്‍ ചെയ്യാന്‍ തോന്നി. ശരിക്കും 3 എന്ന സിനിമയായിരുന്നു എന്നെ മറ്റ് പരീക്ഷണ ചിത്രങ്ങളൊക്കെ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

എന്റെ സ്റ്റൈലില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും മ്യൂസിക് ഡയറക്ടേഴ്‌സ് പാടാന്‍ വിളിക്കുന്നതൊക്കെ എനിക്കിപ്പോള്‍ വലിയ ഇഷ്ടമാണ്. അതുപോലെ എനിക്ക് റൊമാന്റിക് കോമഡി ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും ഞാന്‍ പ്രണയിച്ചിട്ട് ഇപ്പോള്‍ കുറേക്കാലമായി,’ ശ്രുതി ഹാസന്‍ പറഞ്ഞു.

എണ്ണൂറ് കോടി ക്ലബ്ബിലെത്തുന്ന സിനിമകളെച്ചൊല്ലിയുള്ള ഈ ബഹളങ്ങളോട് തനിക്ക് വലിയ യോജിപ്പില്ലെന്നും അത്തരം സിനിമകള്‍ തനിക്ക് വലിയ ഇഷ്ടം തോന്നാറില്ലെന്നും ശ്രുതി പറഞ്ഞു. സാമ്പത്തികമായി അത്ര വലിയ വിജയം നേടാത്ത, എന്നാല്‍ തനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട ചില സിനിമകളുണ്ടെന്നും അതുകൊണ്ട് തനിക്ക് തൃപ്തി നല്‍കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

ഐശ്വര്യ രജനീകാന്തിന്റെ സംവിധാനത്തില്‍ 2012ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 3. ശ്രുതി ഹാസനും ധനുഷിനും പുറമെ പ്രഭു, ശിവകാര്‍ത്തികേയന്‍, സുന്ദര്‍ രാമു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ ധനുഷും കെ.വിമലഗീതയും ചേര്‍ന്നാണ് നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ത്രീ. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.

Content Highlight:  Shruti Haasan says the film ‘Three’ was very challenging

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.