ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്നാണ് (ജൂണ്‍ 26) രണ്ട് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. അയര്‍ലാന്‍ഡിലെ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടാണ് മത്സരത്തിന്റെ വേദി.
ഈ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തിന് കൂടിയാണ് ആരാധകര്‍ സാക്ഷിയാവുക. ഇതിനൊപ്പം15 കാരന്‍ വൈഭവ് സൂര്യവംശി അയര്‍ലാന്‍ഡിനെതിരെ ഇന്ത്യന്‍ ജേഴ്സിയില്‍ കളത്തിലെത്തുമോ എന്ന ആകാംക്ഷ എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കുമുണ്ട്.
സ്‌കൈ യുഗത്തിന് ശേഷം പുതിയ നായകന്റെ കീഴില്‍ ഇന്ത്യ പുതിയ അധ്യായത്തിന് തുടക്കമിടുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. അയര്‍ലാന്‍ഡിനെതിരെ നാലാം പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്.
2018ല്‍ വിരാട് കോഹ്‌ലിയുടെ കീഴിലാണ് ഇന്ത്യ ആദ്യമായി ഐറിഷ് പടക്കെതിരെ ടി-20 പരമ്പര വിജയിക്കുന്നത്. പിന്നീട് 2022ല്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴിലും 2023ല്‍ ജസ്പ്രീത് ബുംറയുടെ കീഴിലും അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കി. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രേയസ് അയ്യരുടെ കീഴില്‍ നാലാം പരമ്പര വിജയം ലക്ഷ്യമിട്ടവും ഇന്ത്യയിറങ്ങുക.
ടി-20യില്‍ ഇന്ത്യയെ നയിക്കുന്ന 12ാം ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. വിരേന്ദര്‍ സെവാഗ്, എം.എസ് ധോണി, സുരേഷ് റെയ്ന, അജിന്‍ക്യ രഹാനെ, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കെ.എല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കു ശേഷമാണ് ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കുപ്പായമണിയുന്നത്.
ഐ.പി.എല്ലിലെ ക്യാപ്റ്റന്‍സി മികവിന് പിന്നാലെയാണ് ശ്രേയസ് ഇന്ത്യയുടെ പുതിയ നായകനായി ചുമതലയേറ്റത്. പഞ്ചാബ് കിങ്സിനൊപ്പം മികച്ച പ്രകടനമായിരുന്നു അയ്യര്‍ നടത്തിയത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു.
പഞ്ചാബിന് പുറമെ നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. 2024ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് അയ്യരിന്റെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായത്.
ദല്‍ഹി ക്യാപിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്താനും അയ്യര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസിയെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനായും അയ്യര്‍ മാറി. ഈ ക്യാപ്റ്റന്‍സി മികവ് ഇന്ത്യക്കൊപ്പവും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Shreyas Iyer is the new captain for the India-Ireland T20 series