തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അനഖ ശശിക്ക് പുറമെ മറ്റ് വിദ്യാര്‍ത്ഥികളും അക്കാദമിക് വിവേചനങ്ങള്‍ നേരിട്ടിരുന്നതായി ഗവേഷക വിദ്യാര്‍ത്ഥി ഒ.കെ മുഹമ്മദ് റിയാസ്. മലയാള സര്‍വകലാശാലയില്‍ നിന്ന് തനിക്കെതിരെ അക്കാദമികവും ജാതീയവുമായ വിവേചനങ്ങള്‍ നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥിനിയായി അനഖ ശശി അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് റിയാസിന് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ആദ്യം മുതല്‍ തന്നെ അനഖ ശശിയെ താന്‍ പിന്തുണച്ചിരുന്നതായി റിയാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അനഖ കഴിഞ്ഞ മാസം ഈ പോസ്റ്റിട്ടപ്പോള്‍ അത് ഫേസ്ബുക്കില്‍ ഞാന്‍ പങ്കുവച്ചിരുന്നു. സര്‍വകലാശാലയ അവഹേളിച്ചു എന്ന് പറഞ്ഞാണ് എനിക്ക് നോട്ടീസ് അവര്‍ എയച്ചതെന്നും റിയാസ് ചൂണ്ടിക്കാട്ടി.
Riyas And Show Case Letter From University
താന്‍ എന്റെ ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ് പങ്കുവെക്കുകയാണ് ചെയ്തത്. രാജ്യത്തെ ഭരണഘടന പ്രകാരം തനിക്ക് അതിന് അവകാശമുണ്ട്. ആ അവകാശത്തെ ലംഘിക്കുന്ന തരത്തിലാണ് സര്‍വകലാശാല തനിക്കെതിരെ അയച്ച നോട്ടീസെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ മാസം 22നാണ് റിയാസിന് സര്‍വകലാശാല നോട്ടീസ് അയച്ചത്. താന്റെ ഭരണ ഘടനാപരമായ അവകാശമാണ് സര്‍വകലാശാല ചോദ്യം ചെയ്യുന്നതെന്ന് ഈ നോട്ടീസിന് നല്‍കിയ മറുപടിയില്‍ താന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
ഇന്നലെ സര്‍വകലാശാല പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലും പറയുന്നത് രണ്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ്. തന്നെയും അനഖയെയും ആണ് അവര്‍ രണ്ട് വിദ്യാര്‍ത്ഥികളെന്ന് ഉദ്ദേശിച്ചിട്ടുള്ളതെന്നും റിയാസ് പറഞ്ഞു.
മറ്റ് വിദ്യാര്‍ത്ഥികളും വിവേചനം നേരിട്ടിരുന്നു
നേരത്തെ മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥിനിയും രേഷ്മ എന്ന പി.ജി വിദ്യാര്‍ത്ഥിനിയും സര്‍വകലാശാലയില്‍ നിന്നുള്ള വിവേചന-പ്രതികാര നടപടികളെക്കുറിച്ച് തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. സര്‍വകലാശാല അധ്യാപകനില്‍ നിന്നുണ്ടായ മാനസിക പീഡനം കാരണം വിദ്യാര്‍ത്ഥിനിക്ക് കോഴ്‌സ് പാതി വഴിയില്‍ ഉപേക്ഷിച്ച് പോകേണ്ടി വന്നിരുന്നെന്നും റിയാസ് പറഞ്ഞു.
ഗവേഷകയുടെ പരാതി സര്‍വകലാശാല തള്ളിയത് തെളിവുകളൊന്നും ഇല്ലെന്ന് അവകാശപ്പെട്ടായിരുന്നു. എന്നാല്‍ ഗവേഷക എല്ലാ തെളിവുകളും സമര്‍പ്പിച്ചിരുന്നെന്നും റിയാസ് പറഞ്ഞു. അധ്യാപകര്‍ പരസ്പരം സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും റിയാസ് പറയുന്നു.
സര്‍വകലാശാലയിലെ ഒരു അധ്യാപിക തന്നെ തോല്‍പിക്കുന്നതായി ഒരു വിദ്യാര്‍ത്ഥി തന്നോട് സ്വകാര്യമായി പരാതി പറഞ്ഞിരുന്നെന്നും റിയാസ് പറഞ്ഞു. എന്നാല്‍ സര്‍വകലാശാല അധികൃതരെ ഭയക്കുന്നതിനാല്‍ ഇക്കാര്യം തുറന്നുപറയാന്‍ ആ വിദ്യാര്‍ത്ഥിക്ക് ബുദ്ധിമുട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടിയില്ല
അനഖയ്‌ക്കെതിരായ വിവേചനത്തെക്കുറിച്ച് കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2025ലും പുതിയ സര്‍ക്കാര്‍ വന്നശേഷം കഴിഞ്ഞ മാസവും പരാതികള്‍ നല്‍കിയിരുന്നതായും റിയാസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ പോയി. മന്ത്രിയെ അന്ന് കാണാന്‍ കഴിഞ്ഞില്ല. പകരം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ടു. 10 ദിവസത്തിനകം സര്‍വകലാശാലയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടാമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരാതി നല്‍കിയപ്പോള്‍ അവര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ കാലത്ത് പരാതി നല്‍കിയപ്പോള്‍ സര്‍വകലാശാല രജിസ്ട്രാര്‍ കെ.എം. ഭരതനെ തന്നെയാണ് മുഖ്യമന്ത്രി അന്വേഷണം ഏല്‍പ്പിച്ചത്. അനഘ നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും എടുക്കാത്ത വ്യക്തിയാണ് ഭരതന്‍. പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് തന്നെ അന്വേഷണ ചുമതല നല്‍കുന്ന തരം നടപടിയായിപ്പോയി അതെന്നും റിയാസ് പറഞ്ഞു. സര്‍വകലാശാല എന്തായാലും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാവും കൈക്കൊള്ളുകയെന്നും റിയാസ് ചൂണ്ടിക്കാട്ടി.
അനഖയെ പിന്തുണക്കുന്നവര്‍ക്ക് ഭീഷണി
നിലവില്‍ താന്‍ മാത്രമാണ് സര്‍വകലാശാലയില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അനഖയെ പരസ്യമായി പിന്തുണക്കുന്നതെന്നും റിയാസ് പറഞ്ഞു. അനുഖയെ പിന്തുണച്ചാല്‍ ഫെലോഷിപ്പ് ലഭിക്കില്ല എന്നതടക്കമുള്ള ഭീഷണികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും റിയാസ് പറഞ്ഞു.
അനഖ പറയുന്നത്
മലയാള സര്‍വകലാശാലയില്‍ ഗവേഷകയായി ജോയിന്‍ ചെയ്തത് മുതല്‍ അക്കാദമികവും ജാതീയവുമായ വിവേചനങ്ങളാണ് നേരിടേണ്ടി വരുന്നതെന്നാണ് അനഖ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങളിലും അറിയിച്ചത്.
ക്ലാസില്‍ വെച്ച് ജാതി ചോദിക്കുക, സിനോപ്‌സിസ് നല്‍കിയില്ല എന്ന് നുണപറയുക, ലാബ് ക്ലീന്‍ ചെയ്യിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായി അനഖ പരറഞ്ഞിരുന്നു. ആറ് മാസത്തില്‍ ചേരേണ്ട ഡോക്ടറല്‍ കമ്മിറ്റി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ചേര്‍ന്നിട്ടില്ലെന്നും അനഖ പറഞ്ഞിരുന്നു.
Anagha
തന്നെ ഫീല്‍ഡ് വര്‍ക്കില്‍ നിന്ന് വിലക്കി എന്ന് അനഖ ഡൂള്‍ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. ഉപകരണങ്ങള്‍ അനുവദിക്കാതെയാണ് തന്നെ ഫീല്‍ഡ് വര്‍ക്കില്‍ നിന്ന് വിലക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സര്‍വകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഉപയോഗിക്കാന്‍ കൊള്ളാത്ത ലാബ് സൗകര്യങ്ങളാണുണ്ടായിരുന്നതെന്നും അനഖ പറഞ്ഞിരുന്നു. ലാബ് അസിസ്റ്റന്റ് ഇല്ലാത്തതിനാല്‍ മുഴുവന്‍ സാധനങ്ങളും കഴുകി തുടച്ചു വെക്കാനും എടുത്താല്‍ പൊങ്ങാത്ത വലിയ പെട്ടികള്‍ ചുമക്കാനും തന്നെയും മറ്റൊരു പെണ്‍കുട്ടിയെയുമാണ് ഉപയോഗിച്ചത്. റസ്റ്റ് ഇല്ലാതെ രാവിലെ 9.45 മുതല്‍ വൈകിട്ട് 5 മണി വരെ പണിയെടുപ്പിക്കുകയും ശനിയാഴ്ചകളില്‍ പോലും വന്ന് പൊടി തുടപ്പിക്കുകയും ചെയ്തിരുന്നെന്നും അനഖ വെളിപ്പെടുത്തിയിരുന്നു.
Content Highlight: Show Cause Notice to Riyas, Who Shared Social Media Post of Anakha Sasi Saying Caste and Discrimination From Malayalam University
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.