തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതെന്നും അതിനെതിരെ എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കെതിരെ യുവമോര്‍ച്ച കരിങ്കൊടി കാണിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഗൂഢാലോചന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്ന് മാത്രമുണ്ടായതല്ല. ഇതില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബന്ധമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ തല്‍സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഈ മുഴുവന്‍ ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയ അമിത്ഷാ കേരളത്തില്‍ വന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായിട്ട് തന്നെയാണ് കരിങ്കൊടി കാണിച്ചതെന്നും ബിനു വ്യക്തമാക്കി.

ജനാധിപത്യ രാജ്യത്ത് പ്രതിഷേധത്തിന് അതീതനല്ല അമിത് ഷാ. വേണ്ടിവന്നാല്‍ ഈ ജനാധിപത്യത്തെ അട്ടിമറിക്കുവാന്‍ നരേന്ദ്ര മോദി വീണ്ടും കൂട്ടുനിന്നാല്‍ അദ്ദേഹത്തിനെതിരെയും കരിങ്കൊടി കാണിക്കാന്‍ ഇന്ത്യയിലെ യൂത്ത് കോണ്‍ഗ്രസിന് അറിയും. ഈ ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാര്യം മനസ്സിലാകാത്തവര്‍ ഈ രാജ്യത്തെ യുവമോര്‍ച്ചയും ആര്‍.എസ്.എസും ബി.ജെ.പിയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അമിത് ഷാ കൊല്ലത്ത് വന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

യുവമോര്‍ച്ച എന്തിനാണ് ഇത്തരത്തില്‍ കരിങ്കൊടി കാണിക്കുന്നതെന്നു ബിനു ചോദിച്ചു. തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പകരത്തിനു പകരം എന്ന് പറയുന്ന തരത്തില്‍ ഗാട്ടാഗുസ്തി മത്സരം പോലെ തിരിച്ചടിക്കുമെന്ന് പറയുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് യുവമോര്‍ച്ചയോട് പറയുകയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ എന്തിനാണ് കരിങ്കൊടി കാണിച്ചത് എന്നതില്‍ ക്ലാരിറ്റി ഉണ്ട്. ഈ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുവാന്‍ നേതൃത്വം നല്‍കിയ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം. ഗൂഢാലോചന നടത്തിയ അമിത്ഷായെയും നരേന്ദ്ര മോദിയെയും മാറ്റിനിര്‍ത്തണം.

എന്തിനാണ് യുവമോര്‍ച്ച പ്രതിഷേധിക്കുന്നത് എന്ന് അവര്‍ക്ക് ഇപ്പോഴും അറിയില്ല. പകരത്തിന് പകരം നല്‍കാന്‍ ഇത് തല്ലു മത്സരമോ അടിപിടി മത്സരമോ അല്ലല്ലോ.’ ബിനു പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തിലെ പിണറായി സര്‍ക്കാരിനെതിരെ യുവമോര്‍ച്ച പ്രതിഷേധിക്കുന്നത് ആരും കണ്ടിട്ടില്ല. ഈ സമരത്തോടുകൂടി യുവമോര്‍ച്ച കേരളീയ സമൂഹത്തിനു മുന്നില്‍ അപഹാസ്യരായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി കുറെ നാളുകളായി ഉയര്‍ത്തിയിരുന്ന ആരോപണങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും പറഞ്ഞതെല്ലാം ശരിവെക്കുന്നതാണ് ഗ്യാനേഷ് കുമാറുമായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍.

ഗൂഢാലോചന ഉണ്ട് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുള്ള രണ്ട് അംഗങ്ങള്‍ പുറത്തുവന്നു പറയുന്ന സാഹചര്യമുണ്ടായി. തെരഞ്ഞെടുപ്പില്‍ സംശയമുണ്ടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞപ്പോള്‍ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളില്‍ ചില ആളുകള്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം അതിനെ നരേന്ദ്രമോഡിക്കും സംഘപരിവാറിനും ഒപ്പമാണ് ചേര്‍ന്നു നിന്നിട്ടുള്ളത്.

വോട്ട് അവകാശത്തെ നിഷേധിക്കുന്ന ക്രിമിനല്‍ ഗൂഢാലോചന നടത്തിയ ഗ്രാനേഷ് കുമാറിനെ പുറത്താക്കണം. അത് ഗണേഷ് കുമാറിന് മാത്രമായ ഒരു ഗൂഢാലോചനയുടെ പ്രശ്‌ന പ്രശ്‌നമല്ല അതിന് നേതൃത്വം നല്‍കിയത് നരേന്ദ്ര മോദിയും അമിത്ഷായുമാണ്.

അതിശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി നടത്തും. ആ പ്രക്ഷോഭത്തിന്റെ ഭാഗമാണ് കേരളത്തില്‍ നടന്നിട്ടുള്ളത് വരും ദിവസങ്ങളില്‍ വരുന്ന ആളുകളും അതിശക്തമായ പ്രക്ഷോഭങ്ങളുമായി ഈ കേരള സംസ്ഥാനത്തും രാജ്യത്തും യൂത്ത് കോണ്‍ഗ്രസ് ഉണ്ടാകും,’ ബിനു പറഞ്ഞു.

Content Highlight: Binu Chulliyil of Youth Congress Against Yuva Morcha