തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരായി ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്. പത്ത് വര്‍ഷമായി ഇല്ലാതിരുന്ന പവര്‍ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകര്‍ച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികള്‍ ഉപേക്ഷിച്ചുവെന്നും പിണറായി പറഞ്ഞു.

മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാള്‍മാരുടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പോലും പരാജയപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘യു.ഡി.എഫ് സര്‍ക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവര്‍ക്കും അപഹസിച്ചവര്‍ക്കും വോട്ടര്‍മാര്‍ നല്‍കിയ ചുട്ട മറുപടിയാണിത്. പ്രതിസന്ധികളില്‍ തളരാതെ, ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേര്‍ക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങള്‍.

വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നിരന്തരമായ കുപ്രചരണങ്ങളെ അതിജീവിച്ച് ഈ തിളക്കമാര്‍ന്ന വിജയം ഉറപ്പാക്കാന്‍ രാപ്പകല്‍ പ്രയത്‌നിച്ച എല്‍.ഡി.എഫിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍. ഈ ജനവിശ്വാസം കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് വലിയ ഊര്‍ജ്ജം പകരും,’ പിണറായി അഭിപ്രായപ്പെട്ടു.

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും മദ്യലോബിക്കും സൗജന്യങ്ങള്‍ നല്‍കലും, സംഘപരിവാര്‍ അജണ്ടയുടെ നടത്തിപ്പുകാരുമായി സര്‍ക്കാര്‍ അധപതിക്കുകയാണ്. അനുദിനം സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമര്‍ഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കം ലഭിച്ച നിരവധി ഇടങ്ങളില്‍ ഇക്കുറി എല്‍.ഡി.എഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളിൽ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. വിസ്മയമല്ല കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാരിൻ്റെ പ്രവർത്തനമെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്.

പത്ത് വർഷമായി ഇല്ലാതിരുന്ന പവർ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികൾ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാൾമാരുടെയും സ്പോൺസർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കുന്നതിൽ പോലും പരാജയപ്പെട്ടു.

വൻകിട കോർപ്പറേറ്റുകൾക്കും മദ്യലോബിക്കും സൗജന്യങ്ങൾ നൽകലും, സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരുമായി സർക്കാർ അധഃപതിക്കുകയാണ്. അനുദിനം സർക്കാരിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച നിരവധി ഇടങ്ങളിൽ ഇക്കുറി എൽ.ഡി.എഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

യുഡിഎഫിലെ രണ്ട് എംഎൽഎമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകൾ പിടിച്ചെടുക്കാൻ എൽഡിഎഫിനായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ, ചിറ്റൂർ നഗരസഭയിലെ പരുത്തിക്കാവ് വാർഡ്‌ എന്നിങ്ങനെ യുഡിഎഫ് എംഎൽഎമാർ ജയിച്ച ഇടങ്ങളിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിച്ചു. മാനന്തവാടി, അടൂർ, പേരാമ്പ്ര, തൃപ്പൂണിത്തുറ, വാമനപുരം, എംഎൽമാർ ജയിച്ചിരുന്ന വാർഡുകളിൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിൽ യു.ഡി.എഫ് എം.എൽ.എ 2273 വോട്ടിന് ജയിച്ച വാർഡിൽ യു.ഡി.എഫിൻ്റെ ലീഡ് 436 ആയി കുറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ യുഡിഎഫിന് മൂന്നു സീറ്റുകൾ നഷ്ടമായി. പാലക്കാട്‌ ജില്ലയിലെ ഏഴു സീറ്റിൽ അഞ്ചെണ്ണം വിജയിക്കാൻ എൽ.ഡിഎ.ഫിനു കഴിഞ്ഞു. കല്ലറ ഡിവിഷനിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 5,683-ൽ നിന്ന് 3,019 ആയി കുറഞ്ഞു. ബി.ജെ.പിയുടെ 4,155 വോട്ടുകൾ കുറഞ്ഞത് അവർക്ക് ലഭിച്ചതിനാലാണ് സീറ്റ് നിലനിർത്താൻ ആയത്.

കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽ.ഡി.എഫിന് വിജയിക്കാനായി. ഇതിൽ ഒരു സീറ്റ് യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്തതാണ്. കോട്ടയം, പാലക്കാട് ജില്ലകളിൽ രണ്ടു സീറ്റ് വീതം യുഡിഎഫിൽ നിന്നും പിടിച്ചെടുത്തു.

യു.ഡി.എഫ് സർക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്നു പരിഹസിച്ചവർക്കും അപഹസിച്ചവർക്കും വോട്ടർമാർ നൽകിയ ചുട്ട മറുപടിയാണിത്. പ്രതിസന്ധികളിൽ തളരാതെ, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേർക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ ഫലങ്ങൾ.

​വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നിരന്തരമായ കുപ്രചരണങ്ങളെ അതിജീവിച്ച് ഈ തിളക്കമാർന്ന വിജയം ഉറപ്പാക്കാൻ രാപ്പകൽ പ്രയത്നിച്ച എൽഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. ഈ ജനവിശ്വാസം കൂടുതൽ കരുത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് വലിയ ഊർജ്ജം പകരും. യുഡിഎഫ് സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരായി ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ.

Content Highlight: Pinarayi Vijayan’s Response On Local Bye Election Results