കോഴിക്കോട്: മന്ത്രി കെ.എം. ഷാജി ആഡംബര കാര്‍ ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി ജനപ്രതിനിധികള്‍ക്ക് വീഴ്ച പറ്റിയെന്ന് ബോധ്യപ്പെടുമ്പോള്‍ അവരില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആഡംബര കാര്‍ വിവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
‘ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒക്കെ തന്നെ പ്രത്യേകമായിട്ട് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ആ രീതിയില്‍ തന്നെ ആയിരിക്കും ഇനിയും മുന്നോട്ട് പോവുക.
എവിടെയെങ്കിലും വീഴ്ചകള്‍ പറ്റിയിട്ടുണ്ട് എന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെടുമ്പോള്‍ അതിന് പാര്‍ട്ടി പ്രത്യേകമായിട്ട് അവരോടൊക്കെ തന്നെ അതിന്റെ വിശദീകരണം ചോദിച്ചിട്ടുണ്ട്. അവര്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്,’ സാദിഖലി തങ്ങള്‍ പറഞ്ഞു.
മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വാര്‍ത്തകളും പ്രചാരണങ്ങളും പുറത്തുവരുന്നത് പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി സാദിഖ് അലി തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. വേണ്ടതായിട്ടുള്ള നിര്‍ദ്ദേശങ്ങളൊക്കെ മന്ത്രിമാര്‍ക്ക് എപ്പോഴും കൊടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രത്യേകിച്ച് ഇപ്പോള്‍ പല മന്ത്രിമാരുടെ പല പ്രവര്‍ത്തനങ്ങളെ കുറിച്ച് പല വാര്‍ത്തകളും പ്രചാരണങ്ങളും ഒക്കെ പുറത്തുവരുന്ന ഘട്ടത്തില്‍ പാര്‍ട്ടി ആ കാര്യങ്ങളൊക്കെ ഗൗരവത്തോടെ തന്നെ കാണുന്നുണ്ട്. പ്രചാരണങ്ങള്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ നമ്മള്‍ പാര്‍ട്ടിയെ ശ്രദ്ധിക്കും. പാര്‍ട്ടി വേണ്ടതായിട്ടുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. വേണ്ടതായിട്ടുള്ള നിര്‍ദേശങ്ങളൊക്കെ മന്ത്രിമാര്‍ക്ക് എപ്പോഴും കൊടുക്കുന്നുണ്ട്.
ഇതിന് പ്രത്യേകം പെരുമാറ്റ ചട്ടം ഇപ്പോള്‍ ഉണ്ടാക്കേണ്ട കാര്യമില്ല. നേരത്തെ തന്നെ ഉള്ളതാണ്. ലീഗ് അതിനു മുമ്പും അധികാരത്തില്‍ ഉണ്ടായിട്ടുണ്ട്. അവിടെയൊക്കെ തന്നെ അന്ന് വളരെ സൂക്ഷ്മതയോടെ കൈകാര്യങ്ങള്‍ ചെയ്തിട്ടുള്ളതാണ്. അത് തന്നെയായിരിക്കും ലീഗിന്റെ ശൈലി. ആ നിലക്കാണ് ലീഗ് അതിനെ കാണുന്നത്,’ പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍മാരെന്നും തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി.
‘യു.ഡി.എഫ് സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍മാര് കേരളത്തിലെ ജനങ്ങളാണ്. ആ ജനങ്ങളെ മാറ്റിവെച്ചുകൊണ്ടുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഒന്നും യു.ഡി.എഫിന് സാധ്യമല്ല. അതൊക്കെ നിങ്ങള്‍ വെറുതെ ഉണ്ടാക്കുന്നതാണ്,’ സാദിഖലി തങ്ങള്‍ പറഞ്ഞു.
സ്വാഭാവികമായിട്ടും വിമര്‍ശനങ്ങള്‍ ഒക്കെ ഉണ്ടാകും. പ്രവര്‍ത്തിക്കുന്നിടത്ത് വിമര്‍ശനങ്ങള്‍ ഉണ്ടാകും. ആ വിമര്‍ശനങ്ങള്‍ അതിന്റെ കാര്യകാര്യങ്ങള്‍ പരിശോധിച്ച് അതില്‍ തെറ്റ് തിരുത്തി മുന്നോട്ടു പോകുവാനും യു.ഡി.എഫ് എപ്പോഴും സജ്ജമാണെന്നും ലീഗ് നേതാവ് പറഞ്ഞു.
Content Highlight: Response of IUML Leader Panakkad Sadiq Ali Thangal on KM Shaji Luxury Car Controversy
