തിരുവനന്തപുരം: മലയോര കർഷകരെ ദുരിതത്തിലാക്കുന്ന വനം-പരിസ്ഥിതി-വന്യജീവി നിയമങ്ങളുടെ യഥാർത്ഥ ഉത്തരവാദികൾ കോൺഗ്രസും ബി.ജെ.പിയുമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി മാധ്യമങ്ങളോട് പറഞ്ഞു. ചരിത്രത്തിൽ ഇതുപോലെ കർഷകരെ വഞ്ചിക്കുന്ന മറ്റൊരു സർക്കാരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1972-ൽ ഇന്ദിരാഗാന്ധിയുടെ കാലത്താണ് വനം-പരിസ്ഥിതി മേഖല കേന്ദ്രം പൂർണമായി ഏറ്റെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് പത്ത് തവണ നിയമത്തിൽ വരുത്തിയ ഭേദഗതികളാണ് കർഷകരുടെ അതിജീവനം ദുസഹമാക്കിയത്. കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിച്ച് കൊണ്ടുവന്ന ഈ നിയമങ്ങളാണ് മലയോര മേഖലയിലെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും ആസിയാൻ കരാർ ഇതിന് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടടുത്ത കർണാടക സർക്കാർ സർവ്വകക്ഷി സംഘത്തെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് അയക്കുകയും പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുകയും ചെയ്തപ്പോൾ, കേരള സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോൺക്ലേവ് സംഘടിപ്പിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
‘ദൽഹിയിൽ പലതവണ വന്നിട്ടും മുഖ്യമന്ത്രി പ്രധാനമന്ത്രിയെയോ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെയോ കണ്ട് ഈ വിഷയം സംസാരിച്ചിട്ടില്ല. എന്നാൽ, ഏഴാമത്തെ കരട് വിജ്ഞാപനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് നേരിട്ട് പരാതി നൽകിയ ആളാണ് ഞാൻ. എന്റെ എതിർപ്പുകൾ മുഴുവൻ സൈറ്റിൽ ലഭ്യവുമാണ്. കേരളത്തിലെ യു.ഡി.എഫ് എം.പിമാർ ഇതിനെതിരെ പാർലമെന്റിൽ ഒരക്ഷരം മിണ്ടിയിട്ടുണ്ടോ? ജോൺ ബ്രിട്ടാസ് ചോദിച്ചു.

കേന്ദ്ര സർക്കാരിനെ ഭയപ്പെടുന്ന നിലപാടാണ് സംസ്ഥാന ഭരണകൂടത്തിന്റേതെന്നും അദ്ദേഹം പരിഹസിച്ചു. അമിത് ഷായ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട മന്ത്രിയെക്കൊണ്ട് അത് പിൻവലിപ്പിക്കുന്ന ഗതികേടിലാണ് സർക്കാർ. മുൻപ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയ ആളാണ് പിണറായി വിജയൻ. എന്നാൽ വി.ഡി സതീശൻ സർക്കാർ ഇപ്പോൾ ഭയന്ന് മുട്ടുവിറച്ച് നിൽക്കുകയാണെന്നും, അടുത്ത തവണ അമിത് ഷാ വരുമ്പോൾ ഇവർ പതാക വീശി സ്വീകരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

‘ഇടതുപക്ഷത്തെ പുറത്താക്കാൻ നിങ്ങളുടെ തടി പോരെന്ന് അമിത് ഷായോട് നേർക്കുനേർ ചോദിച്ച നേതാവാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെ അത്രയും ശക്തമായ നിലപാടെടുത്ത ചരിത്രമുള്ളിടത്താണ്, ഇപ്പോൾ ഒരു മന്ത്രിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ ഒരു പോസ്റ്റിടാൻ പോലും ഭയമുള്ള അവസ്ഥ വന്നിരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ യു.ഡി.എഫ് നേതൃത്വം ബി.ജെ.പിയുമായി രഹസ്യധാരണയിലാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രശ്നങ്ങൾ വരുമ്പോൾ സ്വന്തം പാർട്ടി ഹൈക്കമാൻഡിനെയല്ല, മറിച്ച് ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖരനെയും അമിത് ഷായെയുമാണ് ഫോണിൽ ബന്ധപ്പെടുന്നതെന്നും ബ്രിട്ടാസ് പരിഹസിച്ചു.

Content Highlight:Congress and BJP behind anti-farmer laws; government crawling before the Centre: John Brittas MP.