2026 ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ആലിംഗനം ചെയ്തപ്പോള്‍ അദ്ദേഹത്തോട് സ്വകാര്യമായി പറഞ്ഞ വൈകാരികമായ വാക്കുകളെക്കുറിച്ച് വെളിപ്പെടുത്തി സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍.

നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്ന കിരീടപ്പോരാട്ടത്തില്‍ എക്‌സ്ട്രാ ടൈമില്‍ ഫെറാന്‍ ടോറസിന്റെ ഗോളിലാണ് സ്‌പെയ്ന്‍ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ രണ്ടാം കിരീടം സ്വന്തമാക്കിയത്.

Photo: FIFA/x.com

മത്സരശേഷം നിരാശനായിരുന്ന മെസിയുടെ അടുത്തേക്ക് പോയി ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതിനെക്കുറിച്ച് ലാമിന്‍ യമാല്‍ തുറന്നുപറയുകയാണ്.

‘ഞാന്‍ ലിയോയയുടെ അടുത്ത് ചെന്ന് ‘നന്ദി’ എന്ന് മാത്രമാണ് പറഞ്ഞത്. അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായതിനും ഞാന്‍ അദ്ദേഹത്തോട് വളരെയധികം നന്ദി പറഞ്ഞു. അദ്ദേഹം തന്നെയാണ് എക്കാലത്തെയും മികച്ച താരമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിട്ടുണ്ട്.

ക്യാമറകള്‍ക്ക് മുന്നില്‍ ആളുകളെ കാണിക്കാന്‍ വേണ്ടിയുള്ള കാര്യങ്ങളില്‍ നിന്ന് ഞാന്‍ എപ്പോഴും മാറിനില്‍ക്കാറുണ്ട്. അന്നത്തെ ആ നിമിഷം എന്റെ ഉള്ളില്‍ നിന്ന് സ്വമേധയാ ഉണ്ടായതാണ്.

ഞാന്‍ അവിടെ അദ്ദേഹത്തെ കണ്ടപ്പോള്‍, ഫുട്‌ബോളിനായി അദ്ദേഹം ചെയ്ത എല്ലാത്തിനും നന്ദി പറയാന്‍ തോന്നി; അത് തികച്ചും സ്വാഭാവികമായി സംഭവിച്ചതായിരുന്നു,’ യമാല്‍ പറഞ്ഞു.

കുഞ്ഞായിരുന്നപ്പോള്‍ മെസ്സിക്കൊപ്പമുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെയും, മെസിയുമായുള്ള താരതമ്യങ്ങളെക്കുറിച്ചും യമാല്‍ സംസാരിച്ചു.

‘ആ ചിത്രം മുമ്പ് അച്ഛനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ ഞാന്‍ അച്ഛനോട് ആവശ്യപ്പെട്ടു. കാരണം ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ എന്നെ മെസിയുമായി താരതമ്യം ചെയ്യാമായിരുന്നു, അതിനുശേഷം എല്ലാവരും അതിനെക്കുറിച്ച് മാത്രമായിരിക്കും സംസാരിക്കുക. എനിക്ക് ലാമിന്‍ ആകാനായിരുന്നു ആഗ്രഹം, എനിക്ക് മെസി ആകേണ്ടതില്ലായിരുന്നു.

എനിക്ക് എവിടെ വരെ എത്താന്‍ സാധിക്കുമോ അവിടം വരെ എത്തുക മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് അച്ഛനോട് കാത്തിരിക്കാന്‍ പറഞ്ഞത്. ‘ഞാന്‍ എന്റെതായ വ്യക്തിത്വം കൈവരിച്ച് ലാമിന്‍ ആയി മാറിയ ശേഷം അച്ഛന് ഇഷ്ടമുള്ളത് ചെയ്‌തോളൂ’ എന്ന് ഞാന്‍ പറഞ്ഞു,? സ്പാനിഷ് താരം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Lamine Yamal reveals what he said to Lionel Messi after the World Cup final.