വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ആര്‍. അശ്വന്‍ സംസാരിച്ചിരുന്നു.
തന്റെ മനസില്‍ ചില സംശയങ്ങളുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ ക്യാപ്റ്റന്‍സി ദിനംപ്രതി മെച്ചപ്പെട്ടുവരികയാണെന്ന് അശ്വിന്‍ പറഞ്ഞു. അടുത്ത തലമുറയില്‍ ഇന്ത്യയുടെ ഒരു സമ്പൂര്‍ണ ബാറ്ററാണ് ഗില്ലെന്നും കൂടുതല്‍ മത്സരങ്ങള്‍ ലഭിച്ചാല്‍ വിരാടിന്റെ അടുത്തെത്താന്‍ ഗില്ലിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ദിനംപ്രതി മെച്ചപ്പെട്ടുവരികയാണ്. എന്റെ മനസില്‍ ചില സംശയങ്ങളുണ്ടായിരുന്നു, പക്ഷേ നമ്മള്‍ അദ്ദേഹത്തെ അഭിനന്ദിക്കണം. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ എനിക്ക് സന്തോഷവും അത്ഭുതവും തോന്നുന്നു. ഈ വര്‍ഷം അദ്ദേഹം ജി.ടിയെയും നന്നായി നയിച്ചു, ഇന്ത്യന്‍ ടീമിലും അദ്ദേഹം അത് കാണിക്കുന്നു. അത് ഒരു മികച്ച ഗുണമാണ്.
അടുത്ത തലമുറയില്‍ ഇന്ത്യയുടെ ഒരു സമ്പൂര്‍ണ ബാറ്ററാണ് ശുഭ്മന്‍ ഗില്‍. അദ്ദേഹം അത്രയും മികച്ചതാണ്. മുന്നോട്ട് പോകുമ്പോള്‍, അദ്ദേഹത്തിന് കൂടുതല്‍ മത്സരങ്ങള്‍ ലഭിച്ചാല്‍ വിരാടിന്റെ അടുത്തെത്തുമെന്ന് ഞാന്‍ കരുതുന്നു.
നിര്‍ഭാഗ്യവശാല്‍ ഗില്ലിന്, ഏകദിന ക്രിക്കറ്റിന്റെ നിലനില്‍പ്പ് ചെറിയ സംശയത്തിലാണ്. ഏകദിന ക്രിക്കറ്റ് അദ്ദേഹത്തിന് വളരെയധികം അനുയോജ്യമാണ്. എന്നാല്‍ വിരാട് കളിക്കുന്ന സമയത്ത് സംഭവിച്ചതുപോലെ ഏകദിന ക്രിക്കറ്റ് ഉണ്ടാകണമെന്നില്ല. അത് നിര്‍ഭാഗ്യകരമാണ്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ പറഞ്ഞു.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഗില്ലും സംഘവും സ്വന്തമാക്കിയത്. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 108 പന്തില്‍ 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്‍ നേടിയത്. ഏകദിനത്തില്‍ ഗില്ലിന്റെ 10ാം സെഞ്ച്വറിയാണിത്.
അതേസമയം 88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സിക്‌സുമുള്‍പ്പെടെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 157.95 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വിരാടിനുണ്ടായിരുന്നു. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്.
Content Highlight: R. Ashwin Praises Indian Captain Shubhman Gill
