'നിങ്ങളെപ്പോലുള്ള നേതാക്കളല്ല സംസ്ഥാനത്തിന് വേണ്ടത്; കമല്‍നാഥിനെപ്പോലുള്ളവരെയാണ് ആവശ്യം'; ശിവരാജ് സിങ് ചൗഹാനെതിരെ ഭാര്യാ സഹോദരന്‍
national news
'നിങ്ങളെപ്പോലുള്ള നേതാക്കളല്ല സംസ്ഥാനത്തിന് വേണ്ടത്; കമല്‍നാഥിനെപ്പോലുള്ളവരെയാണ് ആവശ്യം'; ശിവരാജ് സിങ് ചൗഹാനെതിരെ ഭാര്യാ സഹോദരന്‍
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 2:11 pm

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ വിമര്‍ശനവുമായി ഭാര്യാ സഹോദരന്‍. ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സഹോദരനായ സഞ്ജയ് സിങ് മസാനിക്ക് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ടിക്കറ്റ് നല്‍കിയിരുന്നു.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷനായ കമല്‍നാഥിനെപ്പോലുള്ള നേതാക്കളെയാണ് സംസ്ഥാനത്തിന് ആവശ്യമെന്നും അല്ലാതെ ശിവരാജ് സിങ് ചൗഹാനെപ്പോലെയുള്ള നേതാക്കളെയല്ലെന്നുമായിരുന്നു മസാനി പറഞ്ഞത്.

ഭല്‍ഗാട്ട് ജില്ലയിലെ വാരാസിയോണി അസംബ്ലി സീറ്റിലേക്കാണ് മസാനി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മസാനി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


ബി.ജെ.പി നേതാവായ യോഗേന്ദ്ര നിര്‍മലാണ് വാരാസിയോണി മണ്ഡലത്തെ നിലവില്‍ പ്രതിനിധീകരിക്കുന്നത്. ബുധനാഴ്ചയാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. 29 സ്ഥാനാര്‍ത്ഥിമാരുടെ പട്ടികയായിരുന്നു പുറത്തുവിട്ടത്. നവംബര്‍ 28 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 213 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇനി പുറത്തുവിടാനുള്ളത്.

മധ്യപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ദ്വിഗ് വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മത്സരിക്കില്ല.

അതിനിടെ മധ്യപ്രദേശില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ടൈംസ് നൗ-സി.എന്‍ എക്സ് പ്രീ പോള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെങ്കിലും ഭൂരിപക്ഷം വലിയ തോതില്‍ ഇടിയുമെന്നാണ് ടൈംസ് നൗ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

230 സീറ്റുകളില്‍ 122 സീറ്റുകള്‍ ബി.ജെ.പി നേടും. കോണ്‍ഗ്രസ് സീറ്റുനില മെച്ചപ്പെടുത്തി 95 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാജ്വാദി പാര്‍ട്ടി മൂന്നു സീറ്റും ഇടതു മുന്നണിയും സ്വതന്ത്രരും ശേഷിക്കുന്ന പത്തുസീറ്റുകളില്‍ വിജയം നേടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 41.75% ആയി കുറയുമെന്നും അതേസമയം കോണ്‍ഗ്രസ് 38.52% ആക്കി വോട്ടുഷെയര്‍ മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013ല്‍ ബി.ജെ.പി 165 സീറ്റുകളില്‍ വിജയിച്ചാണ് മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നേടിയത് 65 സീറ്റുകളായിരുന്നു.

ഒക്ടോബര്‍ ആദ്യവാരം സി.എന്‍.എക്സ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പി 128 ഉം കോണ്‍ഗ്രസ് 85 ഉം ബി.എസ്.പി എട്ടും സീറ്റുകള്‍ നേടുമെന്നാണ് പറഞ്ഞത്.