ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യയില്‍ തരൂരിനെതിരെ കുറ്റപത്രം. ആത്മഹത്യാ പ്രേരണയും ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
2014 ജനുവരി 17നാണ് സുനന്ദപുഷ്‌കറിനെ സൗത്ത് ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് തിരിച്ച് ദല്‍ഹിയിലെത്തിയ ശേഷമായിരുന്നു മരണം. ശശി തരൂരിന് പാക്കിസ്ഥാന്‍ ജേണലിസ്റ്റുമായി ബന്ധമുണ്ടെന്ന് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുനന്ദ ആരോപിച്ചിരുന്നു.
പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്നവയാണ് കുറ്റങ്ങള്‍. ഈ മാസം 24 പാട്യാല കോടതി കേസ് പരിഗണിക്കും. കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുക മാത്രമായിരിക്കും പാട്യാല ഹൗസ് കോടതി ചെയ്യുക.
എന്നാല്‍, ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
