ന്യൂദല്‍ഹി: 2014 ല്‍ അധികാരമേറ്റ നരേന്ദ്രമോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ജനപ്രീതിയില്‍ കുത്തനെ ഇടിവു സംഭവിക്കുന്നതായി ഇന്ത്യ ടുഡെയുടെ അഭിപ്രായ സര്‍വേ. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ച ജനപ്രീതി ഇടിയുന്നതിന് പ്രധാന കാരണമായതായി സര്‍വേ പറയുന്നു.

2016 ല്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം പേര്‍ മോദി സര്‍ക്കാരില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നതെങ്കില്‍ 2018 ലെ സര്‍വേയില്‍ ഇത് 57 ശതമാനമായി കുറഞ്ഞെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.ഡി.എ ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജനപ്രീതി ഇടിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവുണ്ടായതായാണ് “ലോക്കല്‍ സര്‍ക്കിള്‍സ്” നടത്തിയ ഓണ്‍ലൈന്‍ സര്‍വെ വിലയിരുത്തുന്നത്.


Read Also : ‘ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെ’; കുടുംബത്തോടൊപ്പം വീണ്ടും എത്തും; കേരളത്തെ പുകഴ്ത്തി ഡോ. കഫീല്‍ ഖാന്‍


മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ സര്‍വേയില്‍ വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ 63 ശതമാനം പേരും തൃപ്തി രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം 50 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കര്‍ഷകരുടെ അവസ്ഥയ്ക്ക് പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും കൂടുതല്‍ ദുരിതം സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


Read Also : മതവും ജലക്ഷാമവും ഒരു തിരഞ്ഞെടുപ്പും


അതേസമയം മോദി സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ കുത്തനെ ഇടിഞ്ഞെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ദ എക്സ്‌ക്ലൂഷന്‍ റിപ്പോര്‍ട്ട് 2016 ലാണ് ഇക്കാര്യം പറയുന്നത്. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടായതിനേക്കാള്‍ വലിയ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നമായിരുന്നു റിപ്പോര്‍ട്ട്.

തൊഴില്‍ മന്ത്രാലയത്തിലെ കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2011ല്‍ 930,000തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ 2015ല്‍ അത് 135,000ആയി കുറഞ്ഞു.”മോദി സര്‍ക്കാര്‍ കാലവധിയുടെ പകുതിയിലേറെ പൂര്‍ത്തിയായപ്പോള്‍ ഇവിടെ തൊഴിലവസരങ്ങള്‍ ഒട്ടും സൃഷ്ടിക്കപ്പെടുന്നില്ല എന്ന സ്ഥിതിയാണ്. മുന്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കുറഞ്ഞതിനേക്കാള്‍ താഴെയായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നത് കുറഞ്ഞിരിക്കുകയാണ്.” റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.