ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്നും പുറത്താക്കിയ എട്ട് എം.പിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എന്‍.സി.പി മുതിര്‍ന്ന നേതാവ് ശരത് പവാര്‍. പുറത്തായ എം.പിമാരെ പിന്തുണച്ച് ഇന്ന് താന്‍ നിരാഹാരമനുഷ്ഠിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘പുറത്തായ എം.പിമാരെ പിന്തുണയ്ക്കുന്നു. അതിനാല്‍ അവര്‍ക്കായി ഇന്ന് ഞാന്‍ നിരാഹാരം അനുിക്കുന്നു’- പവാര്‍ പറഞ്ഞു.

അതേസമയം എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ രാജ്യസഭ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച്ച രാവിലെ സഭാ നടപടികള്‍ക്ക് തുടക്കമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നിലപാട് വ്യക്തമാക്കിയത്.

താങ്ങുവിലയ്ക്ക് താഴെയായി സ്വകാര്യ കമ്പനികള്‍ വിളകള്‍ ശേഖരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. സ്വാമിനാഥന്‍ ഫോര്‍മുല പ്രകാരം താങ്ങുവിലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം നടത്തിയിരുന്നു. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.

രാത്രിയോടെ പ്രതിഷേധം ആരംഭിച്ചെങ്കിലും എം.പിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. എം.പിമാര്‍ മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയെക്കുറിച്ചും മറ്റു നടപടികളെക്കുറിച്ചും ആലോചിക്കാന്‍ കേന്ദ്രം തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ എം.പിമാര്‍ അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ തങ്ങളെ നിശബ്ദരാക്കില്ലെന്ന് നേരത്തെ എളമരം കരീം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പ്രതിഷേധം തുടരുകയാണെന്ന് കെ.കെ രാഗേഷും അറിയിച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.

പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.
ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


content highlights:  sharad pawar response farmbill