മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, 1980-കളിൽ വലിയ താരമൂല്യമുള്ള മുൻനിര നായകന്മാരിൽ ഒരാളായി മാറിയ നടനാണ് ശങ്കർ പണിക്കർ. എന്റെ മോഹങ്ങൾ പൂവണിഞ്ഞു, പൂച്ചക്കൊരു മൂക്കുത്തി, സുഖമോ ദേവി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടി. എൺപതുകളിൽ ലഭിച്ച വലിയ ജനസ്വീകാര്യതയും സ്റ്റാർഡവും പിന്നീട് അതുപോലെ തുടരാൻ സാധിച്ചില്ലെങ്കിലും, സഹനടനായും ചെറിയ റോളുകളിലുമായി അദ്ദേഹം ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്.

അടുത്തിടെ വൺ ടു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, തന്റെ പഴയകാല സിനിമാ ഓർമകളും വിശേഷങ്ങളും പങ്കുവെക്കുകയാണ് ശങ്കർ പണിക്കർ.

ശങ്കർ പണിക്കർ. Photo. Manorama Online

താൻ ചെയ്തതിൽ വെച്ച് ഏറെ ഇഷ്ടപ്പെട്ടതും എന്നും ഓർത്തിരിക്കുന്നതുമായ സിനിമകളെക്കുറിച്ച് പറയുകയാണ് നടൻ.

‘ഞാൻ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ എന്റെ മോഹങ്ങൾ പൂവണിഞ്ഞു, സുഖമോ ദേവി എന്നിവയാണ്. സുഖമോ ദേവ എന്ന ചിത്രം വേണു നാഗവള്ളി സാറിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ റോൾ ആണ് ഞാൻ ആ സിനിമയിൽ ചെയ്തത്. ആ സിനിമ ഇന്ന് കാണുന്നവർ പോലും ഭയങ്കര അഭിനന്ദനങ്ങളാണ് തരാറുള്ളത്, പ്രത്യേകിച്ച് അതിലെ പാട്ടുകൾക്ക്,’ നടൻ പറഞ്ഞു.

തന്റെ യാത്രകൾക്കിടയിൽ കണ്ടുമുട്ടുന്ന ചെറുപ്പക്കാർ അടക്കമുള്ളവർ പഴയകാല സിനിമകളെക്കുറിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ടെന്ന് പറയുകയാണ് ശങ്കർ.

‘ഞാൻ ഫ്ലൈറ്റിലൊക്കെ വരുമ്പോൾ എത്രയോ ചെറുപ്പക്കാർ വന്നിട്ട് സുഖമോ ദേവിയെക്കുറിച്ചും പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്. എന്തൊരു സൂപ്പർ ഫിലിം ആണ്, ഇങ്ങനത്തെ സിനിമകളൊന്നും ഇപ്പോൾ ഇല്ല എന്നൊക്കെ പറയുന്നത് കേൾക്കാം. അതുപോലെ ശ്രീലതികകൾ, സുഖമോ ദേവി, ദേവദാരു പൂത്തു, ശരത്കാല സന്ധ്യ തുടങ്ങിയ പാട്ടുകളൊക്കെ ഇന്നും ആളുകൾ സ്റ്റേജുകളിൽ ഏറ്റവും കൂടുതൽ പാടി കേൾക്കുന്ന പാട്ടുകളാണ്,’ ശങ്കർ പറഞ്ഞു.

പഴയകാല സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചുള്ള ഓർമ്മകളും ശങ്കർ പങ്കുവെച്ചു.

‘ആ കാലഘട്ടത്തിലെ സിനിമയിൽ സൗഹൃദങ്ങൾക്ക് വലിയൊരു പ്രാധാന്യമുണ്ടായിരുന്നു. ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ അതിന്റെ പ്രതിഫലം എത്ര കിട്ടി എന്ന് പോലും ചിന്തിക്കാറില്ല. അത്രയും സൗഹൃദമുള്ള ഒരു കാലഘട്ടമായിരുന്നു അത്. ഓരോരുത്തർ വിളിച്ചു പറയുകയാണ് ചെയ്യുക, എടാ ഒരു രണ്ടു മാസം കഴിഞ്ഞാൽ ഈ പടം തുടങ്ങും എന്ന് പറഞ്ഞ് തീയതി തരും.

ആ സമയത്ത് പോയി അഭിനയിക്കും. ചിലപ്പോൾ സിനിമ കഴിഞ്ഞാൽ പൈസ മുഴുവൻ കിട്ടും, ചിലപ്പോൾ പകുതി കിട്ടും. പക്ഷെ അന്നൊന്നും അതിന് പരാതികൾ ഇല്ലായിരുന്നു. സിനിമ ചെയ്യുക എന്നതായിരുന്നു പ്രധാനം. അന്ന് മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും ഒക്കെ അങ്ങനെ തന്നെയായിരുന്നു,’ ശങ്കർ ഓർത്തെടുത്തു.

സുഖമോ ദേവി. എന്റെ മോഹങ്ങൾ പൂവണിഞ്ഞു. Photo. Wikipedia. Jiosaavan

 

Content Highlight: Shankar talks about  his iconic films, audience appreciation, and the  friendships that shaped his early years in cinema