മലയാളത്തില്‍ കരിയര്‍ ആരംഭിക്കുകയും പിന്നീട് പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വന്തമായി റീച്ച് ഉണ്ടാക്കിയെടുക്കുകയും ചെയ്ത അഭിനേതാവാണ് ഫഹദ് ഫാസില്‍. മലയാളത്തിലെ സീനിയര്‍ സംവിധായകനായ ഫാസിലിന്റെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ഫഹദിന് തന്റെ ആദ്യവരവില്‍ അടി പതറയിരുന്നു. ഫാസില്‍ തന്നെ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ കൈ എത്തും ദൂരത്ത് എന്ന ചിത്രം പരാജയമാകുകയും ഫഹദിന്റെ അഭിനയത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.
ചിത്രത്തിന് പിന്നാലെ സിനിമയില്‍ നിന്നും അവധിയെടുത്ത താരം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നാലെ സിനിമാ രംഗത്ത് സജീവമായ താരം മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിന് പുറമെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ പുഷ്പയിലും വിക്രമിലും ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: District
താരം നായകനായി ഒക്ടോബര്‍ രണ്ടിന് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. സംവിധായകന്‍ എസ്.എസ് രാജമൗലി പ്രെസന്റ് ചെയ്ത് മകന്‍ എസ്.എസ് കാര്‍ത്തികേയന്‍ നിര്‍മിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലോട്ടിയാണ്. ചിത്രത്തിന്റെ കേരളത്തില്‍ നടന്ന പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ തന്റെ കരിയറില്‍ ഒരു നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘നായകനായി എന്റെ ആദ്യത്തെ സിനിമ തെലുങ്കില്‍ ചെയ്യുകയാണ്. എവിടെയോ എനിക്ക് ഇതെന്റെ ആദ്യത്തെ സിനിമയാണെന്ന് തോന്നി. ഞാന്‍ ആദ്യമായി ക്യാമറ ഫേസ് ചെയ്യുന്നത് 2002 ഏപ്രിലിലാണ്. കണക്കുനോക്കുകയാണെങ്കില്‍ ഈ ഫീല്‍ഡില്‍ ഞാന്‍ ഏകദേശം 25 വര്‍ഷമായി നില്‍ക്കുന്നു. പക്ഷേ ഇതിനിടയില്‍ ഞാന്‍ ഒരു എട്ട് വര്‍ഷം ഒളിവിലായിരുന്നു. അത് മാത്രമാണ് വ്യത്യാസം.

ഫഹദ് ഫാസില്‍. Photo: Youtube.com
എന്നിരുന്നാലും ഒരു 25 വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡ് എനിക്കും ഉണ്ടെന്ന് വേണമെങ്കില്‍ പറയാം. അത്രയും വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും ഈ സിനിമ ചെയ്യുമ്പോള്‍ എനിക്ക് എന്റെ ആദ്യത്തെ സിനിമയാണെന്ന് തോന്നി. കാരണം അത്രയും ഡിസ്‌കവറികള്‍ അവിടെ നടന്നു. അതിലൊന്നാണ് ഭാഷ പഠിച്ചത്. ആദ്യം എനിക്ക് വലിയ പ്രയാസമായിരുന്നെങ്കിലും സംവിധായകന്‍ ശശാങ്ക് യെലേട്ടി ഒരു മാസത്തോളം സമയമെടുത്ത് എനിക്ക് പഠിപ്പിച്ച് തരുകയായിരുന്നു. മാത്രമല്ല ആദ്യത്തെ പടം ചെയ്യുമ്പോള്‍ അത് പ്രെസന്റ് ചെയ്യുന്നത് രാജമൗലിയാണ്. അതില്‍ കൂടുതല്‍ എന്താണ് ഒരു ആക്ടര്‍ക്ക് വേണ്ടത്,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Faasil talks about his career and break for 8 years
