ന്യൂദല്‍ഹി: രാജ്യത്തെ ജനസംഖ്യാ മാറ്റങ്ങള്‍ പരിശോധിക്കുന്നതിനായി കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതി സംസ്ഥാന സര്‍ക്കാരുകളോട് മതാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ മതാടിസ്ഥാനത്തിലുള്ള വാഹന രജിസ്‌ട്രേഷന്‍, സ്‌കൂള്‍ പ്രവേശനം, സ്വത്ത് ഇടപാടുകള്‍, ജനന രജിസ്‌ട്രേഷന്‍, വോട്ടര്‍ പട്ടികയിലെ ചേര്‍ക്കലുകള്‍ തുടങ്ങിയ വിവരങ്ങളാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്ന ഫോമുകളില്‍ സര്‍ക്കാര്‍ രേഖപ്പെടുത്തേണ്ടത്.
എന്നാല്‍ ഇത്തരം വിവരങ്ങള്‍ മതാടിസ്ഥാനത്തില്‍ പ്രത്യേകം ശേഖരിക്കുന്ന സംവിധാനം പല സംസ്ഥാനങ്ങള്‍ക്കും നിലവിലില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക.
ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന ഹൈലെവല്‍ കമ്മിറ്റി ഓണ്‍ ഡെമോഗ്രാഫിക് ചേഞ്ചസ് ആണ് സംസ്ഥാനങ്ങള്‍ക്ക് 35 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി നല്‍കിയത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങള്‍ തിരിച്ചുള്ള വിവരങ്ങളാണ് വിവിധ മേഖലകളില്‍ നിന്ന് സമിതി തേടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂള്‍ പ്രവേശനത്തിലെ അസാധാരണ വര്‍ധന, വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍, ആധാര്‍-റേഷന്‍ കാര്‍ഡ് രജിസ്‌ട്രേഷനിലെ വര്‍ധനവ് എന്നിവയും സമിതിയുടെ പരിശോധനയില്‍ ഉള്‍പ്പെടുന്നു.
ചരിത്രപരമായ ജനനനിരക്കുമായി പൊരുത്തപ്പെടാത്ത രീതിയില്‍ ഏതെങ്കിലും ജില്ലകളില്‍ സ്‌കൂള്‍ പ്രവേശനം വര്‍ധിച്ചിട്ടുണ്ടോ എന്നതിന്റെ കാരണവും സമിതി ചോദിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍, പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തുടങ്ങിയ മതസ്ഥാപനങ്ങളുടെ വിവരങ്ങളും സമിതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവയുടെ ജി.ഐ.എസ് മാപ്പിങ് നടത്തിയിട്ടുണ്ടോ എന്നതും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മദ്‌റസകള്‍ എന്നിവയുടെ വിവരങ്ങളും തേടിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയിലും പ്രത്യേക ശ്രദ്ധ
മുന്‍ തലമുറയിലെ ജനന സര്‍ട്ടിഫിക്കറ്റുകളോ കുടുംബ രേഖകളോ ഇല്ലാത്ത വ്യക്തികളുടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ താമസം, മതം, വര്‍ഷം തിരിച്ചുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആധാര്‍, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയില്‍ അസാധാരണമായ വര്‍ധനയുണ്ടായ ജില്ലകളുടെ വിവരങ്ങളും തേടുന്നു.
വാഹന രജിസ്‌ട്രേഷനിലും സമാനമായ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ മതം തിരിച്ചുള്ള ഗതാഗത, ഗതാഗതേതര വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, അതിര്‍ത്തി ജില്ലകളിലും അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന പ്രദേശങ്ങളിലുമുള്ള വാണിജ്യ വാഹന ലൈസന്‍സുകളിലെ അസാധാരണ വര്‍ധന എന്നിവയും പരിശോധിക്കാനാണ് നിര്‍ദേശം.
പട്ടികവര്‍ഗ വിഭാഗങ്ങളിലെ മതപരിവര്‍ത്തനം
ആദിവാസി മേഖലകളിലെ ജനസംഖ്യാ മാറ്റവും സമിതിയുടെ അന്വേഷണ പരിധിയിലാണ്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ മതപരിവര്‍ത്തനം സംബന്ധിച്ച പഠനങ്ങള്‍, രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, ജില്ല തിരിച്ചുള്ള പ്രവണതകള്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിവരങ്ങളും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം കാരണം പല വകുപ്പുകളും ഇത്തരം വിവരങ്ങള്‍ മതാടിസ്ഥാനത്തില്‍ ശേഖരിക്കാറില്ലെന്നാണ് സംസ്ഥാന ഉദ്യോഗസ്ഥരുടെ നിലപാട്.
ജനന രജിസ്‌ട്രേഷന്‍ പോലുള്ള ചില മേഖലകള്‍ ഒഴികെ ആവശ്യപ്പെട്ട പല വിഭാഗങ്ങളിലെയും മതം തിരിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിയമവിരുദ്ധ കുടിയേറ്റവും അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളും പഠിക്കാനും അവ നേരിടാനുള്ള നടപടികള്‍ നിര്‍ദേശിക്കാനുമാണ് സമിതി രൂപീകരിച്ചത്.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നൗലെകര്‍ അധ്യക്ഷനായ സമിതിയെ 2026 മേയ് 26-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചത്.
Content Highlights: Central committee seeks religion-wise data; directives issued to inspect vehicles, votes, and even religious institutions.
