മുംബൈ: ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത നടന്‍ ഷാരൂഖ് ഖാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും പ്രൊഫൈലുകളില്‍ നിന്നും വലിയ രീതിയില്‍ ആക്രമണമുണ്ടായത് ഈയിടെ വാര്‍ത്തയായിരുന്നു.

തന്റെ മതവിശ്വാസപ്രകാരം ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ച ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്തുകൊണ്ട്, ഷാരൂഖ് ലത മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലായിരുന്നു സംഘ പ്രൊഫൈലുകള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്.

ഇപ്പോള്‍ ഷാരൂഖ് ഖാന്‍ പഴയ ഒരു അഭിമുഖത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള തന്റെ സങ്കല്‍പത്തെക്കുറിച്ച് പറയുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. Brut ചാനലിന് മുമ്പ് ഷാരൂഖ് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ദൃശ്യമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

ബോളിവുഡ് ടെലിവിഷന്‍ അവതാരകനും കൊറിയോഗ്രഫറുമായ രാഘവ് ജുയാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചെറിയ പ്രായത്തില്‍ സ്‌കൂളില്‍ ഇന്ത്യയെക്കുറിച്ച് എഴുതാന്‍ പറഞ്ഞിരുന്നതും അന്ന് രാജ്യത്തെക്കുറിച്ച് എഴുതിയതും എന്നാല്‍ വളര്‍ന്ന് വന്നപ്പോള്‍ ആ സങ്കല്‍പങ്ങള്‍ മാറുന്നതുമാണ് വീഡിയോയില്‍ ഷാരൂഖ് സംസാരിക്കുന്നത്.

രാജ്യത്തെ പൗരന്മാരാണെന്ന് കരുതി രാജ്യം ആരുടെയും സ്വന്തമല്ല എന്നും ഷാരൂഖ് പറയുന്നു.

”കുട്ടികളായിരുന്നപ്പോള്‍ ‘എന്റെ രാജ്യം ഇന്ത്യ’ എന്ന് ഞങ്ങള്‍ക്ക് എഴുതേണ്ടി വന്നിരുന്നതായി ഞാനോര്‍ക്കുന്നു.

എനിക്ക് തോന്നുന്നു അത് മാറണം. ‘ഇന്ത്യയാണ് ഈ രാജ്യം, ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണ്’ എന്ന തരത്തിലേക്ക് അത് മാറണം.


Content Highlight: Shah Rukh Khan’s old video goes viral after controversy at Lata Mangeshkar’s funeral