സൂപ്പര്‍താര സിനിമകളില്‍ പലപ്പോഴും ചില ബ്രാന്‍ഡുകളുടെ പരസ്യം പ്ലെയ്‌സ് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. 90കളുടെ അവസാനകാലം മുതല്‍ക്കാണ് ഇത്തരമൊരു ട്രെന്‍ഡ് സിനിമാലോകത്ത് ആരംഭിച്ചത്. ഹോളിവുഡില്‍ ആരംഭിച്ച ഈ ട്രെന്‍ഡ് പിന്നീട് ഇന്ത്യന്‍ സിനിമയിലും സ്ഥിരം കാഴ്ചയായി. മലയാളത്തിലും ഇത്തരമൊരു ട്രെന്‍ഡ് ഒരുപാട് കാലമായിട്ടുണ്ട്.
നായകനോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രധാന കഥാപാത്രം പരസ്യമുള്ള ബ്രാന്‍ഡ് ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ ആ ബ്രാന്‍ഡിനെക്കുറിച്ച് പറയുന്നതോ ആയിട്ടാകും ഇത്തരം രംഗങ്ങള്‍ ഒരുക്കുക. അത്തരത്തില്‍ ബോളിവുഡിലെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 2013ലെ ഏറ്റവും വലിയ ഹിറ്റായ ചെന്നൈ എക്‌സ്പ്രസിലാണ് ഈ രംഗമുള്ളത്.
ചിത്രത്തില്‍ സാക്ഷാല്‍ കിങ് ഖാന്‍ താന്‍ ഉപയോഗിക്കുന്ന ഫോണിനെക്കുറിച്ച് നായികയായ ദീപിക പദുകോണിനോട് വാചാലനാകുന്നുണ്ട്. ഫോണിന്റെ എല്ലാ പ്രത്യേകതകളും ഒറ്റ ശ്വാസത്തില്‍ പറയുന്ന ഷാരൂഖിന്റെ ഡയലോഗാണ് വൈറലായത്. നോക്കിയ ലൂമിയ 920 എന്ന ഫോണിനെക്കുറിച്ചാണ് കിങ് ഖാന്‍ സംസാരിക്കുന്നത്.
ഫോണിന്റെ വിലയടക്കം ഷാരൂഖ് അവതരിപ്പിക്കുന്ന രാഹുല്‍ എന്ന കഥാപാത്രം പറയുന്നുണ്ട്. 34299 രൂപയാണെന്നാണ് രാഹുല്‍ പറയുന്നത്. ഷാരൂഖ് ഖാന്റെ സിനിമയില്‍ അദ്ദേഹത്തെക്കൊണ്ട് ഫോണിന് ഇത്തരമൊരു പരസ്യം ചെയ്യിച്ച നോക്കിയയുടെ അന്നത്തെ പവര്‍ ആര്‍ക്കും ഊഹിക്കാനാകില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു നായകനടന്‍ പരസ്യത്തിന്റെ ഭാഗമായി ഒരു ഫോണിന്റെ സകല സ്‌പെക്‌സും അടക്കം ഡയലോഗായി പറയുന്നതെന്ന് ചിലര്‍ തങ്ങളുടെ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 13 വര്‍ഷം മുമ്പ് നോക്കിയ എന്ന ബ്രാന്‍ഡിന്റെ പവര്‍ ഇത്രത്തോളമുണ്ടായിരുന്നെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്കിടയില്‍ നിന്ന് നോക്കിയ എന്ന പേര് അപ്രത്യക്ഷമായെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മൈക്രോസോഫ്റ്റുമായി ചേര്‍ന്നതാണ് നോക്കിയക്ക് തിരിച്ചടിയായതെന്നും കമന്റുകളുണ്ട്. 13 വര്‍ഷം മുമ്പ് നോക്കിയ ലൂമിയ ഉണ്ടാക്കിയ ഓളം ചെറുതല്ലെന്നും ചിലര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്.
Content Highlight: Shah Rukh Khan’s dialogue in Chennai Express viral after 13 years