ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമ കേസ്; ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷണെ വെറുതെ വിട്ട് കോടതി
India
ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമ കേസ്; ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷണെ വെറുതെ വിട്ട് കോടതി
നിഷാന. വി.വി
Monday, 3rd August 2026, 11:51 am

ന്യൂദല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമണ കേസില്‍ ബി.ജെ.പി നേതാവും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെ കുറ്റവിമുക്തനാക്കി കോടതി.

ദല്‍ഹി വിചാരണ കോടതിയാണ് ബ്രിജ് ഭൂഷണെ വെറുതെ വിട്ടിരിക്കുന്നത്. കൂടാതെ ഇദ്ദേഹത്തിനൊപ്പം കേസ് ചുമത്തപ്പെട്ട വിനോദ് തോമറിനേയും കോടതി വെറുതെ വിട്ടിട്ടുണ്ട്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയിലായിരുന്നു ദല്‍ഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സുശീല്‍ കുമാര്‍ എന്നിവരുള്‍പ്പെടെ ജന്തര്‍ മന്ദറില്‍ സമരം നടത്തിയത് വന്‍ വിവാദമായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

1500 പേജുള്ള കുറ്റപത്രം 2023 ജൂണ്‍ 15ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെറുതെ വിട്ടിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ഗുസ്തി താരങ്ങള്‍, ഫെഡറേഷന്‍ തലവനായിരുന്ന ബ്രിജ് ഭൂഷനില്‍ നിന്ന് അതിക്രമം നേരിട്ടതായി ആരോപിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരവും ലൈംഗിതിക്രമണാരോപണം ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു.ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ ജന്തര്‍ മന്ദറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഒളിമ്പിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്കിനേയും ബജ്‌റങ് പുനിയയേയും വിനേഷ് ഫോഗട്ടിനെയും പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുകയും ക്രൂരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

Content Highlight: Sexual harassment case against wrestlers: Court acquits BJP leader Brij Bhushan.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.