കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസുള്ള പെണ്‍കുട്ടിയെ ഭയചകിതയാക്കിയ സംഭവം താന്‍ വിവരിച്ചതെന്ന് രേവതി പറഞ്ഞു.

അതേസമയം പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്. ഇത് കേട്ട് ഭയന്നാണ് അവള്‍ തന്റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി.


Read Also : “നീ ഒക്കെ ശബ്ദിച്ചാ ലാലേട്ടന് വെറും മുടിയാ മുടി”; ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം


 

26 വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ ഇത് ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് തുറന്ന് പറയാന്‍ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളം പ്രസ്സ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത ഡബ്ല്യ.സി.സിയുടെ വാര്‍ത്തസമ്മേളനത്തിനിടെയാണ് രേവതി പീഡനവിവരം വെളിപ്പെടുത്തിയത്.

“17 വയസുള്ള കുട്ടി ഒരു ദിവസം രാത്രി എന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞു. ആ സംഭവം എന്റെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്. അത് ആര്‍ക്കും ഇനി സംഭവിക്കാന്‍ പാടില്ല”. എന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍.

അതേസമയം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് പരാതി ലഭിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്. അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.