സെക്സ് എജ്യുക്കേഷന്‍ നാലാം സീസണ്‍ ഷൂട്ട് തുടങ്ങി. ഇതിനോടനുബന്ധിച്ച് നെറ്റ്ഫ്ളിക്സ് പുറത്ത് വിട്ട പുതിയ റീല്‍സ് വൈറലാവുകയാണ്.

സീരീസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന എമ്മാ മാക്കിക്കൊപ്പം കനേഡിയന്‍ സിറ്റ്-കോം ‘ഷിറ്റ്സ് ക്രീക്ക്’ താരം ഡാനിയല്‍ ലെവിയേയും റീല്‍സില്‍ കാണാം. എമ്മാ മാക്ക് അവതരിപ്പിക്കുന്ന മെയ്‌വ് വൈലിയുടെ പുതിയ കോളേജായ ഐവീ ലീഗിലെ പ്രഫസറായാണ് ലെവി എത്തുന്നത്.

ലോകമെമ്പാടും ആരാധകരുള്ള ബ്രിട്ടിഷ് കമിങ് ഓഫ് എയ്ജ് കോമഡി ഡ്രാമ സീരീസാണ് സെക്സ് എജ്യുക്കേഷന്‍. സീരീസിലെ കഥയും കഥാപാത്രങ്ങളും ഏറെ നിരൂപക പ്രശംസയും വലിയ പ്രേക്ഷക പിന്തുണയും നേടിയിരുന്നു. മൂര്‍ഡെയില്‍ എന്ന സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ലൈംഗിക ആശയകുഴപ്പങ്ങളാണ് കഥയുടെ പശ്ചാത്തലം.

ഇംഗ്ലിഷ് നാടകകൃത്ത് ലൗറി നണ്‍ ആണ് സീരീസ് ഒരുക്കിയിരിക്കുന്നത്. 2019 ജനുവരി 11ന് നെറ്റ്ഫ്ളികസിലൂടെ ആദ്യ ഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ 40 മില്ല്യണ്‍ പേരാണ് സീരീസ് കണ്ടത്.