ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നടപടികളെ അപലപിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ മുരളി മനോഹര്‍ ജോഷി.
പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ യഥാര്‍ത്ഥമാണെന്നും അവയെ വെറുമൊരു ക്രമസമാധാന പ്രശ്‌നമായി കണ്ട് അടിച്ചമര്‍ത്തരുതെന്നും 92കാരനായ ജോഷി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളോട് സഹതാപത്തോടെ ഇടപെടണമെന്നും പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുരളി മനോഹര്‍ ജോഷിയുടെ വിമര്‍ശനം.
മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടികളെപ്പോലും പൊലീസ് ക്രൂരമായി കൈകാര്യം ചെയ്തത് കണ്ടപ്പോള്‍ വലിയ വേദന തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ബലപ്രയോഗങ്ങള്‍ ‘വികസിത ഭാരതം’ എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നല്‍കി.
നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് നടപടിയെ പരസ്യമായി വിമര്‍ശിച്ച ആദ്യ ബി.ജെ.പി നേതാവാണ് മുരളിമനോഹര്‍ ജോഷി.
അതേസമയം തങ്ങളുടെ നടപടിയെ ന്യായീകരിച്ച് ദല്‍ഹി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ നടത്തിയത് അനുമതിയില്ലാത്ത മാര്‍ച്ചായിരുന്നുവെന്നും പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനാലാണ് ഇടപെടേണ്ടി വന്നതെന്നുമാണ് പൊലീസിന്റെ വാദം.
അതേസമയം, പ്രശ്നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നാലാമതും സമരനേതാക്കളെ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും, കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച നടത്താന്‍ സി.ജെ.പി പ്രതിനിധികള്‍ വിസമ്മതിച്ചു.
ജന്തര്‍ മന്തറിലോ സമരം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റേതെങ്കിലും പൊതുസ്ഥലത്തോ വെച്ച് മാത്രമേ ചര്‍ച്ച നടത്തൂ എന്നാണ് സി.ജെ.പിയുടെ നിലപാട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് തങ്ങളുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നെന്നും അത് അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു.
Content Highlight: Senior BJP leader Murli Manohar Joshi criticizes the police action in Delhi.