രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; കോടതിയില്‍ രഹസ്യമൊഴി നല്‍കി പരാതിക്കാരി
Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; കോടതിയില്‍ രഹസ്യമൊഴി നല്‍കി പരാതിക്കാരി
രാഗേന്ദു. പി.ആര്‍
Tuesday, 17th February 2026, 1:07 pm

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ രഹസ്യമൊഴി നല്‍കി പരാതിക്കാരി. രാഹുല്‍ ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നാണ് മൊഴി.

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതിക്കാരി മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മൊഴിയ്‌ക്കൊപ്പം ഏതാനും തെളിവുകളും സമ്മര്‍പ്പിച്ചതായാണ് വിവരം. ഇന്നലെ (തിങ്കള്‍)യാണ് യുവതി രഹസ്യമൊഴി നല്‍കിയത്.

യുവതിയുടെ പരാതി വ്യാജമാണെന്നായിരുന്നു രാഹുലിന്റെ വാദം. ഈ കേസില്‍ രാഹുലിന് തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

നിലവില്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ 23കാരിയുടെ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

നേരത്തെ എസ്.ഐ.ടിക്ക് മുമ്പാകെയും യുവതി മൊഴി നല്‍കിയിരുന്നു. ജി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ലൈംഗിക പീഡനം ചൂണ്ടിക്കാട്ടി കെ.പി.സി.സി നേതൃത്വത്തിന് യുവതി അയച്ച ഇ-മെയില്‍ ഡി.ജി.പിക്ക് കൈമാറിയതോടെയാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടി രാഹുലിനെ പരിചയപ്പെട്ടത്. പിന്നീട് രാഹുല്‍ ടെലഗ്രാം അക്കൗണ്ട് ചോദിച്ചുവാങ്ങി ചാറ്റ് ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ അനുയായിയുമായ ഫെന്നി നൈനാന്റെ പേരും ഉണ്ടായിരുന്നു.

ഫെന്നി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍ ഒരു ഹോംസ്റ്റേയില്‍ എത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിനുപിന്നാലെ കടുത്ത മാനസിക സമ്മര്‍ദത്തിലായെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

Content Highlight: Second abuse case against Rahul Mamkootathil, Complainant gives confidential statement in court

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.