ന്യൂയോര്‍ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രകൃതിയില്‍ കാണപ്പെടാത്ത പുതിയ വൈറസുകളെ വിജയകരമായി രൂപകല്‍പന ചെയ്ത് നിര്‍മിച്ചതായി ശാസ്ത്രജ്ഞര്‍. യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ആര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, എം.ഐ.ടി-ഹാര്‍വാര്‍ഡ് സര്‍വകലാശാലകളുടെ ബ്രോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ നിര്‍ണായക നേട്ടത്തിന് പിന്നില്‍.
ഭാവിയില്‍ സങ്കീര്‍ണമായ ജൈവ സംവിധാനങ്ങള്‍ ജനിതക തലത്തില്‍ തനിയെ രൂപകല്‍പ്പന ചെയ്‌തെടുക്കുന്ന (automated genomic design) രീതിയിലേക്ക് വൈദ്യശാസ്ത്രത്തെ നയിക്കുന്നതാണ് ഈ പഠനം.
ചാറ്റ്ജി.പി.ടി പോലുള്ള ഭാഷാ മോഡലുകള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ‘ഇവോ 1’, ‘ഇവോ 2’ (Evo 1 & Evo 2) എന്നീ ജീനോം ലാംഗ്വേജ് മോഡലുകള്‍ ഉപയോഗിച്ചാണ് പുതിയ വൈറസുകളെ രൂപകല്‍പന ചെയ്തത്. സാധാരണ എ.ഐ മോഡലുകള്‍ വാക്കുകളും ഭാഷയും കൈകാര്യം ചെയ്യുമ്പോള്‍, ഈ എഐ മോഡലുകള്‍ ജനിതക ക്രമങ്ങളെയാണ് (genetic sequences) പ്രവചിക്കുന്നത്.
ദശലക്ഷക്കണക്കിന് പ്രകൃതിദത്ത ജീനോമുകള്‍ ഉപയോഗിച്ചാണ് ഈ എ.ഐ മോഡലുകള്‍ക്ക് പരിശീലനം നല്‍കിയത്. അതേസമയം, അപകടകരമായ ബയോ-വൈറസുകള്‍ നിര്‍മിക്കപ്പെടുന്നത് ഒഴിവാക്കാനായി മനുഷ്യരെയോ മൃഗങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള വൈറസുകളുടെ ജനിതക വിവരങ്ങള്‍ എ.ഐയുടെ പരിശീലന ഘട്ടത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
എ.ഐ നിര്‍ദേശിച്ച ആയിരക്കണക്കിന് ജനിതക ഘടനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 എണ്ണം ലബോറട്ടറിയില്‍ രാസപരമായി നിര്‍മിച്ചെടുക്കുകയാണുണ്ടായത്.
ലബോറട്ടറിയില്‍ പരീക്ഷിച്ച 300 കൃത്രിമ ജനിതക ഘടനകളില്‍ 16 എണ്ണം പൂര്‍ണമായും ജീവനുള്ളതും ബാക്ടീരിയകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതുമായ ബാക്ടീരിയോഫേജുകള്‍ (bacteriophages) ആണെന്ന് കണ്ടെത്തി.
പ്രകൃതിയിലുള്ള സാധാരണ വൈറസുകളേക്കാള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമതയിലുമാണ് ഈ കൃത്രിമ വൈറസുകള്‍ ഇ. കോളി ബാക്ടീരിയകളെ നശിപ്പിച്ചത് എന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചു.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന പുതിയ തരം ബാക്ടീരിയകള്‍ (drug-resistant infections) സൃഷ്ടിക്കുന്ന അണുബാധകള്‍ നിര്‍മൂലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ഇത്തരം ചികിത്സാരീതികളെ ‘ഫേജ് തെറാപ്പി’ (phage therapy) എന്നാണ് വിളിക്കുന്നത്. രോഗകാരികളായ സൂക്ഷ്മാണുക്കള്‍ക്കെതിരെ അതിവേഗം പ്രതിരോധം തീര്‍ക്കാന്‍ എഐ അധിഷ്ഠിതമായി നിര്‍മ്മിക്കുന്ന വൈറസുകള്‍ക്ക് കഴിയും.
ഈ സാങ്കേതികവിദ്യ വൈദ്യശാസ്ത്രത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഗുരുതരമായ ബയോസെക്യൂരിറ്റി ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.
ഈ വിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് ഇതില്‍ ഒന്നാമത്തേത്. എ.ഐ ഉപയോഗിച്ച് മനുഷ്യരെയോ സസ്യങ്ങളെയോ ബാധിക്കുന്ന അപകടകാരികളായ വൈറസുകള്‍ നിര്‍മിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എ.ഐ മോഡലുകളുടെ ഉപയോഗത്തിലും ജീനോമിക് വിവരങ്ങളുടെ ലഭ്യതയിലും കടുത്ത നിയന്ത്രണങ്ങളും മേല്‍നോട്ടവും വേണമെന്ന് ശാസ്ത്രലോകം ആവശ്യപ്പെടുന്നു. എ.ഐ മോഡലുകള്‍ സ്വതന്ത്രമായി തെറ്റായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഈ ഭയം വര്‍ധിപ്പിക്കുന്നു.
അതേസമയം, നിലവില്‍ എ.ഐ നിര്‍മിച്ച വൈറസുകള്‍ വളരെ ലളിതമായ ഘടനയുള്ളതാണെന്നും കൊവിഡ്-19 പോലുള്ള സങ്കീര്‍ണമായ വൈറസുകളെ രൂപകല്‍പന ചെയ്യുന്നത് ഇപ്പോഴത്തെ എ.ഐ സാങ്കേതികവിദ്യയ്ക്ക് നൂറിരട്ടി പ്രയാസകരമായിരിക്കുമെന്നും ഇംപീരിയല്‍ കോളേജ് ലണ്ടനിലെ പ്രൊഫസര്‍ ടോം എല്ലിസ് ചൂണ്ടിക്കാട്ടി.
Content highlight: Scientists are using AI to design new viruses for the first time.