എഡിറ്റര്‍
എഡിറ്റര്‍
സ്‌ക്കുള്‍ പ്രവേശനോത്സവം: മൂന്നര ലക്ഷം കുരുന്നുകള്‍ നാളെ അക്ഷരമുറ്റത്തേക്ക്
എഡിറ്റര്‍
Sunday 2nd June 2013 8:15am

primary-school-childrens

തിരുവനന്തപുരം: വേനലവധിക്കാലം കഴിഞ്ഞ് നാളെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇത്തവണ  12,640 സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളിലായി മൂന്നരലക്ഷം കുട്ടികളാണ് ഒന്നാംക്ലാസില്‍ ചേരുന്നത്. പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ച് വര്‍ണപ്പകിട്ടാര്‍ന്ന പ്രവേശനോത്സവ പരിപാടികളാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മീഞ്ചന്ത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി  പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

Ads By Google

സംസ്ഥാന തലത്തിന് പുറമെ ജില്ലാ തലങ്ങളിലും പ്രവേശ നോത്സവമുണ്ടാകും.  ഗ്രാമപ്പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ തലങ്ങളിലും കുട്ടികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കും.

ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്ക് പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമ്മാനക്കിറ്റുകള്‍ വിതരണം ചെയ്യും. ആദ്യദിനം മുതല്‍തന്നെ ഉച്ചഭക്ഷണവിതരണം നടക്കും.

അധ്യാപകര്‍ക്കുള്ള വെക്കേഷന്‍ പരിശീലനം പൂര്‍ത്തിയാക്കിയതിനാല്‍ ഇക്കൊല്ലം അധ്യാപകരുടെ അഭാവം കാരണം അധ്യയനം ഒരുദിവസംപോലും മുടങ്ങില്ലെന്ന് ഡി.പി.ഐ. എ. ഷാജഹാന്‍ പറഞ്ഞു.

നിരന്തരമൂല്യനിര്‍ണയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും ഈ അധ്യയനവര്‍ഷമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എ. തയാറാക്കിയ ‘പരിരക്ഷയുടെ പാഠങ്ങള്‍’ എന്ന കൈപ്പുസ്തകം പ്രവേശനോത്സവദിനം എല്ലാ സ്‌കൂളുകളിലും ഒരേസമയം പ്രകാശിപ്പിക്കും. കൈപ്പുസ്തകത്തിന്റെ സംസ്ഥാനതല പ്രകാശനം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.

മഴക്കാലമാരംഭിച്ചതോടെ പലതരത്തിലുള്ള പകര്‍ച്ച വ്യാധികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിന്‍ കഴിഞ്ഞ ദിസസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാര്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് എടുത്തില്ലെങ്കില്‍ സ്‌ക്കൂള്‍ പ്രവേശനോത്സവത്തെ സാരമായി ബാധിക്കാനിടയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement