aneesh-masterഅനീഷ് കുമാര്‍

മലപ്പുറം: മൂന്നിയൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന അനീഷ് കുമാര്‍ ആത്മഹത്യ ചെയ്ത കേസില്‍ സ്‌കൂള്‍ മാനേജര്‍ വി.പി.സെയ്തലവിയെ പാലക്കാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി.ഹൈദരലിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇരുവരും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

സ്‌കൂളിലെ പ്യൂണുമായുണ്ടായി അനീഷ് നടത്തിയ നിസ്സാര വാക്കു തര്‍ക്കത്തെ മാനേജ്‌മെന്റ് വളച്ചൊടിക്കുകയും അനീഷിനെ പിരിച്ചുവിടുകയും ചെയ്തതാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യയില്‍ കലാശിച്ചത് എന്ന് ആരോപണമുണ്ടായിരുന്നു. അനീഷ് കുമാര്‍ പ്യൂണിനെ ആക്രമിച്ചു എന്നാരോപിക്കുകയും തെളിവായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തശേഷം അദ്ദേഹത്തെ മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു. 2013 ഫെബ്രുവരിയിലായിരുന്നു ഇത്.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അദ്ധ്യാപകനെ തിരിച്ചെടുക്കാനായി നിരന്തര സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല. തുടര്‍ന്ന് മലമ്പുഴയിലെ ലോഡ്ജ് മുറിയില്‍ 2014 സെപ്റ്റംബറില്‍ ആത്മഹത്യചെയ്ത നിലയില്‍ അനീഷ് മാസ്റ്ററെ കണ്ടെത്തുകയായിരുന്നു. പിരിച്ചുവിട്ടതോടെ ഒരു വര്‍ഷത്തോളമായി ജോലിയില്ലാതെ വലിയ സാമ്പത്തികഞെരുക്കത്തിലായിരുന്നു അനീഷ് കുമാര്‍.

ഇടത് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അനീഷ് ആത്മഹത്യ ചെയ്തതോടെ കെ.എസ്.ടി.എ അടക്കം വിവിധസംഘടനകളും അദ്ധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രംഗത്തു വന്നിരുന്നു.