new7തിരുവനന്തപുരം: അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഡിസംബര്‍ എട്ട് മുതല്‍ പതിനൊന്ന് വരെ തിരുവനന്തപുരത്ത് നടക്കും എന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കായികാധ്യാപകരുടെയും വിദ്യാര്‍ത്ഥികസളുടെയും സമരത്തെതുടര്‍ന്ന് കായികമോള മാറ്റി വെച്ചിരിക്കുകയായിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയിലാണ് പുതുക്കിയ തീയ്യതിയില്‍ തീരുമാനമുണ്ടായത്.

ഇതര വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും കായികാധ്യാപകരാകാം എന്നുള്ള ഉത്തരവാണ് കേരളത്തിലുടനീളം അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചത്. ഇതേതുടര്‍ന്ന് റവന്യൂ ജില്ലാ കായികമേളകള്‍ മുടങ്ങിയതാണ് സംസ്ഥാന കായികമേള മാറ്റി വെക്കുന്നതിലേക്ക് നയിച്ചത്. ഈ മാസം 20 മുതല്‍ കായികമേള നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

അതേസമയം കായികാധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും സമരം അനാവശ്യമായിപ്പോയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഇതര വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും കായികാധ്യാപകരാകാം എന്നുള്ള ഉത്തരവ് പിന്‍വലിക്കാന്‍ നേരത്തെതന്നെ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.