ഗോധ്ര കലാപം: മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി നവംബര്‍ 19ന് സുപ്രീം കോടതി പരിഗണിക്കും
Gujarath Riot
ഗോധ്ര കലാപം: മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി നവംബര്‍ 19ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2018, 3:09 pm

ന്യൂദല്‍ഹി: 2002ലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയ ജാഫരി നല്‍കിയ ഹര്‍ജി നവംബര്‍ 19ന് പരിഗണിക്കും. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാടിനെയാണ് സാക്കിയ ജാഫരി ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്.

2002ലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി എസ്ഹാന്‍ ജാഫരിയുടെ ഭാര്യയാണ് സാക്കിയ ജാഫരി. ഗോധ്ര കലാപകാലത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയ്ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട്.

Also Read:“ബി.ജെ.പിയിലുള്ളവരെല്ലാം ക്രിമിനലുകള്‍”; പാര്‍ട്ടി വിടുകയാണെന്ന് മഹാരാഷ്ട്ര എം.എല്‍.എ

69 പേര്‍ കൊല്ലപ്പെട്ട ഗോധ്ര കലാപത്തിലെ 58 പ്രതികളേയും 2012ല്‍ മെട്രോപൊളിറ്റന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സാക്കിയ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെക്കുകയാണ് 2017ല്‍ ഹൈക്കോടതിയും ചെയ്തത്. ഇതോടെയാണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്.

മോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്.ഐ.ടിയുടെ അന്തിമ റിപ്പോര്‍ട്ട് പഠിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നും ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇന്ന് അറിയിക്കുകയായിരുന്നു.